പൊയിനാച്ചിയില്‍ ബസ് സ്റ്റോപ്പ് ഡ്രൈവര്‍ തീരുമാനിക്കും; നെട്ടോട്ടമോടി ബസ് യാത്രക്കാര്‍

പൊയിനാച്ചി: ദേശീയ പാതയില്‍ പൊയിനാച്ചിയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് ബസ്സില്‍ വരാനുള്ള യാത്രക്കാര്‍ക്ക് എട്ടിന്റെ പണി നല്‍കുകയാണ് ബസ് ഡ്രൈവര്‍മാര്‍. ഇതില്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകളെന്നോ സ്വകാര്യ ബസ്സുകളെന്നോ ഇല്ല. ബസ് ഡ്രൈവര്‍മാര്‍ക്ക് തോന്നിയ സ്ഥലത്ത് ബസ് നിര്‍്ത്തുന്നതിനാല്‍ ബസ് കയറാന്‍ പരക്കം പായേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. പൊയിനാച്ചിയില്‍ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള സര്‍വീസ് റോഡിനു സമാന്തരമായാണ് കാസര്‍കോട് ഭാഗത്തേക്കുള്ള സര്‍വീസ് റോഡുമുള്ളത്. ദേശീയപാത അടിപ്പാതയിലൂടെ ആയതിനാല്‍ ഈ സര്‍വീസ് റോഡിലൂടെ കയറി ദേശീയപാതയ്ക്ക് കുറുകെയുള്ള ഫ്‌ളൈ ഓവര്‍ കയറി മറുഭാഗത്ത് എത്തി അടുത്ത സര്‍വീസ് റോഡ് കയറിയാണ് ബസ്സുകള്‍ കാസര്‍കോട് ഭാഗത്തേക്ക് പോകേണ്ടത്. എന്നാല്‍ ചില ബസ്സുകള്‍ ഫ്‌ളൈ ഓവര്‍ കയറാതെ യാത്രക്കാരെ ഇറക്കിവിട്ട് സര്‍വീസ് റോഡിലൂടെ നേരെ പോവുകയാണ് ചെയ്യുന്നത്. ഫ്‌ളൈ ഓവറിന് മറുവശത്ത് ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് ഇതോടെ ബസ് നഷ്ടപ്പെടും. ഫ്‌ളൈ ഓവറിനടുത്ത് ഇടുങ്ങിയ സ്ഥലമായതിനാല്‍ ഇവിടെ ബസ് കാത്തുനില്‍ക്കാനുള്ള സൗകര്യവും ഇല്ല.
കാഞ്ഞങ്ങാട് നിന്ന് കാസര്‍കോട് ഭാഗത്തേക്കുള്ള ബസ്സുകള്‍ ഫ്‌ളൈ ഓവര്‍ കയറി സര്‍വീസ് റോഡിലേക്ക് കയറിയാല്‍ നേരത്തെ ഉണ്ടായിരുന്ന ബസ് സ്റ്റോപ്പില്‍ നിര്‍ത്തും. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള ചില ബസ്സുകള്‍ ദേശീയ പാത വഴിയും വരുന്നുണ്ട്. ദേശീയ പാത അടിപ്പാത ആയതിനാല്‍ അവിടെ നിര്‍ത്തുന്ന ബസ്സിലേക്ക് ഓടിക്കയറുന്നതും എളുപ്പമല്ല. അടിപ്പാതയിലെ ബസ് സ്റ്റോപ്പും സര്‍വീസ് റോഡും തമ്മില്‍ ദൂരമുള്ളത് കൊണ്ടുതന്നെ യാത്രക്കാര്‍ ഇവിടേക്ക് ഓടിയെത്തുമ്പോഴേക്കും ബസ് പുറപ്പെടും. സര്‍വീസ് റോഡിലെ ബസ് സ്‌റ്റോപ്പില്‍ നിര്‍ത്താതിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സ് ഡ്രൈവറോട് കഴിഞ്ഞ ദിവസം പരാതി പറഞ്ഞ യാത്രക്കാരിയോട് നിര്‍ത്താന്‍ ബുദ്ധിമുട്ട് ഉണ്ട് എന്നായിരുന്നു ഡ്രൈവറുടെ മറുപടി. ചുരുക്കത്തില്‍ പൊയിനാച്ചിയില്‍ മൂന്ന് സ്റ്റോപ്പുകളാണ് കാസര്‍കോട് ഭാഗത്തേക്ക് വരുന്ന ബസ്സുകള്‍ ഉപയോഗിക്കുന്നത്. ഇതില്‍ എവിടെ ബസ് നിര്‍ത്തുമെന്ന് എങ്ങനെ കണ്ടുപിടിക്കുമെന്ന ആശങ്കയിലാണ് യാത്രക്കാര്‍.