6 വര്‍ഷത്തെ പ്രയത്‌നം:, മൂന്നരലക്ഷം അക്ഷരങ്ങള്‍, മൂന്നര കിലോ ഭാരം; കന്നഡ-മലയാളം ഭീമന്‍ നിഘണ്ടു പുറത്ത്

കാസര്‍കോട്: കന്നഡ വാക്കുകള്‍ ഇനി മലയാളികള്‍ക്ക് എളുപ്പം സ്വായത്തമാക്കാം. ഭാഷാ വിദഗ്ദ്ധനായ ബി.ടി ജയറാമിന്റെ കന്നഡ-മലയാളം നിഘണ്ടു കഴിഞ്ഞ ദിവസം കാസര്‍കോട് വെച്ച് പ്രകാശനം ചെയ്തു. മൂന്നരലക്ഷം അക്ഷരങ്ങളും മൂന്നര കിലോ ഭാരവുമുള്ള നിഘണ്ടു തയ്യാറാക്കിയത് ആറ് വര്‍ഷത്തെ പ്രയത്‌നത്തിനൊടുവിലാണ്. 2018 നവംബറിലാണ് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കന്നഡ-മലയാളം നിഘണ്ടുവിന്റെ നിര്‍മാണത്തിനായി ഉദുമ സ്വദേശിയായ ബി.ടി ജയറാമിനെ ചുമതലപ്പെടുത്തിയത്. നിരവധി ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുമൊടുവിലാണ് അദ്ദേഹം നിഘണ്ടു തയ്യാറാക്കിയത്. രണ്ട് വര്‍ഷം കൊണ്ട് മൂവായിരം പേജുള്ള കയ്യെഴുത്ത് പ്രതി തയ്യാറാക്കി. ഇത് വായിച്ച് തെറ്റുകള്‍ കണ്ടെത്താന്‍ തന്നെ വീണ്ടും രണ്ട് വര്‍ഷമെടുത്തു. തുടര്‍ന്ന് നിഘണ്ടു അച്ചടിച്ച് പ്രസിദ്ധീകരിക്കാന്‍ വീണ്ടും രണ്ട് വര്‍ഷം. കന്നഡയിലുള്ള ഉച്ചാരണവും ഓരോ വാക്കിന്റെയും പര്യായവും കാസര്‍കോട് ജില്ലയിലെ നാട്ടുഭാഷാ ശൈലിയിലുള്ള വാക്കുകളും നിഘണ്ടുവിലുണ്ട് എന്നതാണ് ഇതിനെ വേറിട്ട് നിര്‍ത്തുന്നത്. 1800 രൂപ വിലയുള്ള നിഘണ്ടു കന്നഡ -മലയാളം ഭാഷാ വൈദഗദ്ധ്യം നേടാനും പഠനങ്ങള്‍ക്കും ഏറെ പ്രയോജനം ചെയ്യും.
കാസര്‍കോട്് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് കര്‍ണാടക തുളു അക്കാദമി പ്രസിഡന്റ് താരാനാഥ് ഗട്ടി കാപ്പിക്കാട് പ്രകാശനം ചെയ്തു. മുന്‍മന്ത്രി ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ പുസ്തകം ഏറ്റുവാങ്ങി. എന്‍. എ. നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സത്യന്‍ എം. ആമുഖഭാഷണം നടത്തി. എഴുത്തുകാരിയും വിവര്‍ത്തകയുമായ ഡോ. മീനാക്ഷി രാമചന്ദ്രന്‍ പുസ്തകം പരിചയപ്പെടുത്തി. കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം, കേന്ദ്ര കേരള സാഹിത്യ അക്കാദമി പുരസ്‌കാരജേതാവും വിവര്‍ത്തകനുമായ കെ. വി. കുമാരന്‍, ഗ്രന്ഥകാരന്‍ കാസറഗോഡ് ജില്ലാ മുന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായ ബി. ടി. ജയറാം എന്നിവര്‍ സംസാരിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസര്‍ കെ. ആര്‍. സരിതകുമാരി സ്വാഗതവും പി.ആര്‍.ഒ. റാഫി പൂക്കോം നന്ദിയും പറഞ്ഞു.