വൊര്‍ക്കാടിയില്‍ അമ്മയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു; ഒളിവില്‍ പോയ മകനായി അന്വേഷണം
നല്ലങ്കിപ്പദവിലെ ലൂയിസിന്റെ ഭാര്യ ഹില്‍ദ ഡിസൂസയാണ് കൊല്ലപ്പെട്ടത്

മഞ്ചേശ്വരം: വൊര്‍ക്കാടി ബേക്കറി ജംഗ്ഷന്‍ നല്ലങ്കിപ്പദവില്‍ ഉറങ്ങിക്കിടന്ന അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച നിലയില്‍. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മകനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നല്ലങ്കിപ്പദവിലെ ലൂയിസിന്റെ ഭാര്യ ഹില്‍ദ ഡിസൂസ(60)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ മകന്‍ മെല്‍വിന്‍ ഡിസൂസയെയാണ് പൊലീസ് അന്വേഷിക്കുന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. അയല്‍വാസിയും ബന്ധുവുമായ ലോലിത(32)യെയും മെല്‍വിന്‍ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. തലയ്ക്കും കാലിനും പൊള്ളലേറ്റ ലോലിതയെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെ മെല്‍വിന്‍ ലോലിതയുടെ വീട്ടിലെത്തി അമ്മയ്ക്ക് സുഖമില്ലെന്നും വീട്ടിലേക്ക് വരണമെന്നും അറിയിച്ചു.
അതിനിടെയാണ് വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഹില്‍ദയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കാണുന്നത്. കാര്യം അന്വേഷിക്കുമ്പോള്‍ ലോലിതക്ക് നേരെയും മെല്‍വിന്‍ തീ കൊളുത്തുകയായിരുന്നു. അതിനിടെ, ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് തലയിലും കാലിലും പൊള്ളലേറ്റത്.
തുടര്‍ന്ന് ഒരു വാഹനത്തില്‍ കയറി മെല്‍വിന്‍ ഹൊസങ്കടിയിലെത്തുകയും അവിടെ നിന്ന് ബസില്‍ കയറി മംഗലാപുരം ഭാഗത്തേക്ക് കടന്നുകളയുകയുമായിരുന്നുവെന്നാണ് വിവരം. മഞ്ചേശ്വരം സി.ഐ ഇ. അനൂപ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.