കുമ്പള പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ ബി.ജെ.പി അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി

അംഗങ്ങള്‍ക്ക് പ്രസിഡണ്ടിലുള്ള വിശ്വാസം നഷ്ടമായിരിക്കുകയാണെന്നും ഭരണസമിതിയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം നല്‍കണമെന്നും ആവശ്യം

കുമ്പള: പഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറ യൂസഫിനെതിരെ ബി.ജെ.പി അംഗങ്ങള്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. പഞ്ചായത്തംഗം കെ മോഹനയുടെ നേതൃത്വത്തില്‍ ബുധനാഴ്ച ഉച്ചയോടെയാണ് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി സെക്രട്ടറിക്ക് നോട്ടീസ് കൈമാറിയത്. ജൂലൈ 30നകം അവിശ്വാസപ്രമേയം പരിഗണിക്കാമെന്ന് സെക്രട്ടറി ബി.ജെ.പി അംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

പഞ്ചായത്ത് ഭരണസമിതിക്ക് 23 അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് ഒമ്പത് അംഗങ്ങളുണ്ട്. മുസ്ലിംലീഗ്-ഏഴ്, മുസ്ലിംലീഗ് വിമതന്‍-ഒന്ന്, കോണ്‍ഗ്രസ്-രണ്ട്, എസ്.ഡി.പി.ഐ - ഒന്ന്, സി.പി.എം സ്വതന്ത്രര്‍- രണ്ട്, സി.പി.എം - ഒന്ന് എന്നിങ്ങനെയാണ് മറ്റ് കക്ഷിനിലകള്‍. അംഗങ്ങള്‍ക്ക് പ്രസിഡണ്ടിലുള്ള വിശ്വാസം നഷ്ടമായിരിക്കുകയാണെന്നും ഭരണസമിതിയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം നല്‍കണമെന്നും അവിശ്വാസപ്രമേയത്തില്‍ പറയുന്നു.

ബസ് ഷെല്‍ട്ടര്‍ അഴിമതി, മണല്‍ക്കടത്ത് അഴിമതി തുടങ്ങിയ അഴിമതികളില്‍ പഞ്ചായത്ത് ഭരണം മുങ്ങിയിരിക്കുകയാണെന്ന ആരോപണം ശക്തമാണ്. ഇതിനിടയില്‍ നേതാക്കള്‍ തമ്മിലുള്ള പോരും രൂക്ഷമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. എന്നാല്‍ ബി.ജെ.പി അധികാരത്തില്‍ വരാതിരിക്കാന്‍ എസ്.ഡി.പി.ഐയും വിമതനും കോണ്‍ഗ്രസും പിന്തുണച്ചതോടെ ലീഗിന് അധികാരം ലഭിക്കുകയായിരുന്നു.

Related Articles
Next Story
Share it