റെയില്‍വെയുടെ ചങ്ങലപൂട്ടില്‍ കാല്‍ കുടുങ്ങിവീണ് ബാങ്ക് ജീവനക്കാരന് പരിക്ക്

കാഞ്ഞങ്ങാട്ടെ കാര്‍ഷിക വികസന ബാങ്ക് ജീവനക്കാരന്‍ വട്ടപ്പൊയില്‍ സ്വദേശി സന്തോഷിനാണ് ചങ്ങലയില്‍ കാല്‍ കുടുങ്ങി പരിക്കേറ്റത്

കാഞ്ഞങ്ങാട്: നീലേശ്വരം റെയില്‍വേ സ്റ്റേഷന്റെ കിഴക്ക് ഭാഗത്ത് പാര്‍ക്കിങ് ഏരിയയോട് ചേര്‍ന്ന് റെയില്‍വെ സ്ഥാപിച്ച ചങ്ങലപൂട്ട് അപകടക്കെണിയാകുന്നു. സംരക്ഷിത മേഖലയായ റെയില്‍വേയുടെ സ്ഥലത്തേക്ക് അതിക്രമിച്ച് കടക്കാതിരിക്കാനാണ് ഇവിടെ കമ്പി പൂട്ട് സ്ഥാപിച്ചത്. എഫ്.സി.ഐ ഗോഡൗണില്‍ നിന്നും ധാന്യങ്ങള്‍ കയറ്റാനുള്ള വാഹനങ്ങള്‍ക്ക് മാത്രമേ റെയില്‍വേയുടെ കോമ്പൗണ്ടിലേക്ക് കടക്കാന്‍ അനുവാദമുള്ളൂ.

റെയില്‍വേ സുരക്ഷയ്ക്ക് വേണ്ടിയാണ് കമ്പി പൂട്ട് സ്ഥാപിച്ചതെങ്കിലും ഇത് യാത്രക്കാര്‍ക്ക് അപകടം സംഭവിക്കാന്‍ കാരണമാകുകയാണ്. ഈ ചങ്ങലപൂട്ടില്‍ കാല്‍ കുടുങ്ങി വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ നടക്കാനിറങ്ങിയ കാഞ്ഞങ്ങാട്ടെ കാര്‍ഷിക വികസന ബാങ്ക് ജീവനക്കാരന്‍ വട്ടപ്പൊയില്‍ സ്വദേശി സന്തോഷ് (45) ചങ്ങലയില്‍ കാല്‍കുടുങ്ങി തെന്നിവീണ് മുന്‍വശത്തെ പല്ല് പൊട്ടുകയും മുഖത്തും കാലുകള്‍ക്കും സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുമുമ്പും സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഈ കമ്പി കുരുക്കില്‍ കുടുങ്ങി വീണ് പരിക്കേറ്റിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

Related Articles
Next Story
Share it