കള്ളന്‍മാര്‍ വിലസുന്നു,മോഷണം പെരുകുന്നു;പെരിയ ബസാറില്‍ പലചരക്ക് കടയില്‍ മോഷണം
പലചരക്ക് കടയുടെ ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് സാധനങ്ങള്‍ കവര്‍ന്നത്

കാഞ്ഞങ്ങാട്: പെരിയ ബസാറില്‍ പലചരക്ക് കടയുടെ പൂട്ട് തകര്‍ത്ത് ബേക്കറി സാധനങ്ങളും സിഗരറ്റുകളും കവര്‍ന്നതായി പരാതി. ചൊവ്വാഴ്ച രാത്രിയാണ് കെ.എം ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയുടെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് 2000 രൂപയോളം വില വരുന്ന സിഗരറ്റുകളും 2000 രൂപയിലേറെ വരുന്ന ബേക്കറി സാധനങ്ങളും മോഷ്ടിച്ചത്.
ബുധനാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. നിരവധി സാധനങ്ങള്‍ കടക്കകത്ത് വാരി വലിച്ചിട്ട നിലയിലാണ്. ചന്ദ്രന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കേരള ഗ്രാമീണ ബാങ്ക് പെരിയ ബസാര്‍ ശാഖ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ചന്ദ്രന്റെ കടയുള്ളത്. പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും മോഷ്ടാക്കളെ കുറിച്ചുള്ള സൂചനയൊന്നും ലഭിച്ചില്ല.
മഴ തുടങ്ങിയതോടെ നാട്ടിലെങ്ങും മോഷണവും പതിവാകുന്നു. ഒഴിഞ്ഞ വീടുകള്‍ നോക്കിയാണ് മോഷ്ടാക്കള്‍ അകത്തുകയറുന്നത്. വിലപിടിപ്പുള്ള സാധനങ്ങളെല്ലാം അടിച്ചുമാറ്റി ഒരു തെളിവുകളും അവശേഷിപ്പിക്കാതെയാണ് ഇവര്‍ സ്ഥലം വിടുന്നത്. മോഷണം തുടര്‍ക്കഥയാകുന്നതോടെ ജനങ്ങളെല്ലാം ഭീതിയോടെയാണ് കഴിയുന്നത്.