കാര്‍ ഓട്ടോറിക്ഷക്ക് പിറകിലിടിച്ച് 3 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു; മനോവിഷമത്തിലായ ഓട്ടോഡ്രൈവര്‍ ആസിഡ് കഴിച്ച് മരിച്ചു
പള്ളഞ്ചി നിടുകുഴിയിലെ കെ അനീഷ് ആണ് മരിച്ചത്

ബേഡകം: കാര്‍ ഓട്ടോറിക്ഷക്ക് പിറകിലിടിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. സംഭവത്തിലുണ്ടായ മനോവിഷമത്തെ തുടര്‍ന്ന് ഓട്ടോഡ്രൈവര്‍ ആസിഡ് കഴിച്ച് മരിച്ചു. പള്ളഞ്ചി നിടുകുഴിയിലെ കെ അനീഷ്(40) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ബേത്തൂര്‍ പാറയില്‍ നിന്ന് പള്ളഞ്ചിയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷക്ക് പിറകില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോയിലുണ്ടായിരുന്ന മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബേത്തൂര്‍ പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ പള്ളഞ്ചിയിലെ ശ്രീഹരി, അതുല്‍, ആദര്‍ശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയുടെ പിറകുഭാഗം തകരുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ പരിക്ക് ഗുരുതരമാണെന്ന് കരുതിയത് മൂലമുള്ള മനോവിഷമത്തെ തുടര്‍ന്ന് അനീഷ് ഓട്ടോ റിക്ഷയിലുണ്ടായിരുന്ന ആസിഡ് നിറച്ച കന്നാസുമായി പള്ളഞ്ചിയിലെ വിജനമായ സ്ഥലത്തേക്ക് പോകുകയും ആസിഡ് കഴിക്കുകയുമായിരുന്നു.
ഇതു കണ്ട നാട്ടുകാര്‍ അനീഷിനെ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ശേഖരന്‍ നായര്‍-കമലാക്ഷി ദമ്പതികളുടെ മകനാണ്.
ഭാര്യ:വീണ. മക്കള്‍: ആരവ്, ധീരവ്. സഹോദരങ്ങള്‍: ലളിത, രതീഷ്. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ചെങ്കള ഇ.കെ നായനാര്‍ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബജ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് അധ്യാപകനായ ബെനറ്റാണ് കാര്‍ ഓടിച്ചിരുന്നത്. പരിക്കേറ്റ ബെനറ്റ് കുറ്റിക്കോല്‍ ആസ്പത്രിയില്‍ എത്തി ചികില്‍സ തേടി.