ഓണവിപണിയില്‍ അമിതവില; അധികൃതര്‍ പരിശോധന നടത്തി

കാസർകോട് : ഓണവിപണിയില്‍ അമിതവില ഈടാക്കുന്നത് തടയാന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ കെ.എന്‍ ബിന്ദുവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ ഉളിയത്തടുക്ക ടൗണില്‍ പരിശോധന നടത്തി. പച്ചക്കറിക്കടകളും പലചരക്ക് കടകളും ബേക്കറികളും ഇറച്ചി കടകളും ഉള്‍പ്പെടെ 24 കടകളില്‍ പരിശോധന നടത്തി. പച്ചക്കറികളില്‍ കോവക്ക, പയര്‍, തക്കാളി എന്നിവയ്ക്ക് വില വ്യത്യാസം കണ്ടെത്തിയതായി ജില്ല സപ്ലൈ ഓഫീസര്‍ പറഞ്ഞു. റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ കൊറഗപ്പ എന്നിവര്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പള്ളിക്കര, ബേക്കല്‍, പാലക്കുന്ന് എന്നിവിടങ്ങളിലെ 30 കടകള്‍ പരിശോധിച്ചു. 14 ക്രമക്കേടുകള്‍ കണ്ടെത്തി. ഹോസ്ദുര്‍ഗ്ഗ ടി.എസ്.ഒ മാധവന്‍ പോറ്റി, ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ അരുണ്‍ എസ്.എ, റവന്യൂ ഉദ്യോഗസ്ഥരായ ജെമിജോസ്, മധു മഠത്തില്‍ എന്നിവരാണ് ഇന്‍സ്പെക്ഷന്‍ നടത്തിയത്. പരപ്പ നഗരത്തില്‍ വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ 14 കടകളില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ക്രമക്കേടുകള്‍ കണ്ടെത്തി. വെള്ളരിക്കുണ്ട് താഹ്സില്‍ദാര്‍ പി.വി മുരളി, വെള്ളരിക്കുണ്ട് ടി.എസ്.ഒ അജിത്ത് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.