കൊവ്വല്‍ സ്റ്റോറില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ചയ്ക്ക് ശ്രമം: പൊലീസ് എത്തിയതോടെ സംഘം ഓടിരക്ഷപ്പെട്ടു
പരകോട്ടെ രാജീവന്റെ വീട്ടിലാണ് കവര്‍ച്ചാ ശ്രമം നടന്നത്

കാഞ്ഞങ്ങാട്: സൗത്ത് കൊവ്വല്‍ സ്റ്റോറില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് കവര്‍ചയ്ക്ക് ശ്രമം. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടിനകത്തുണ്ടായിരുന്ന സ്ത്രീകള്‍ നിലവിളിച്ചതോടെ പൊലീസും പരിസരവാസികളും എത്തി. ഇതോടെ കവര്‍ച്ചക്കാരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു. കൊവ്വല്‍ സ്റ്റോര്‍ പരകോട്ടെ രാജീവന്റെ വീട്ടിലാണ് കവര്‍ച്ചാ ശ്രമം നടന്നത്.
കാഞ്ഞങ്ങാട് സൗത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെയും മുന്‍കരുതല്‍ നടപടികളുടെയും ഭാഗമായി പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശം ഇരുട്ടിലായിരുന്നു. വീട്ടില്‍ ആരും ഉണ്ടാകില്ലെന്ന് കരുതിയാണ് കവര്‍ച്ചക്കെത്തിയത്. ഈ സമയം വീട്ടില്‍ സ്ത്രീകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കവര്‍ച്ചക്കാര്‍ വാതില്‍ തകര്‍ക്കാനുള്ള ശ്രമം നടത്തുന്നതിനിടെ സ്ത്രീകള്‍ ഭയന്ന് നിലവിളിച്ചു.
പ്രദേശത്ത് മൊബൈല്‍ ചാര്‍ജ് സ്ഥാപിച്ചിരുന്നതിനാല്‍ ആരെയും വിളിക്കാന്‍ കഴിഞ്ഞില്ല. ടാങ്കര്‍ മറിഞ്ഞ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സ്ത്രീകളുടെ നിലവിളി കേട്ട് ഓടിയെത്തിയതോടെ കവര്‍ച്ചക്കാര്‍ രക്ഷപ്പെടുകയാണുണ്ടായത്. അപ്പോഴേക്കും പരിസരവാസികളും എത്തിയിരുന്നു. പൊലീസ് കൊവ്വല്‍ സ്റ്റോറിലും കാഞ്ഞങ്ങാട് സൗത്തിലെ വിവിധ ഭാഗങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവത്തെ തുടര്‍ന്ന് പൊലീസ് പ്രദേശത്ത് നിരീക്ഷണം ഏര്‍പ്പെടുത്തി.