ആശ്വാസമേകാതെ ആശ്വാസ കിരണം; ധനസഹായം മുടങ്ങിയിട്ട് ഒരു വര്‍ഷം; അപേക്ഷിച്ചവര്‍ പാതിവഴിയില്‍

പദ്ധതിയിലേക്കായി അപേക്ഷിച്ചവരുടെ കാത്തിരിപ്പും നീളുകയാണ്. അപേക്ഷ നല്‍കിയിട്ടും പദ്ധതിയിലെ അംഗത്വം സംബന്ധിച്ച് ഇവര്‍ക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

കാസര്‍കോട്: കിടപ്പിലായ രോഗികള്‍, മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, ഗുരുതര രോഗമുള്ളവര്‍ തുടങ്ങിയവരെ പരിചരിക്കുന്നവര്‍ക്ക് സാമൂഹിക സുരക്ഷാ മിഷന്‍ മുഖേന 600 രൂപ പ്രതിമാസ ധനസഹായം അനുവദിക്കുന്ന ആശ്വാസകിരണം പദ്ധതി മുടങ്ങി. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി കുടുംബങ്ങള്‍ക്ക് ധനസഹായം ലഭിക്കുന്നില്ലെന്നാണ് പരാതി. എത്ര രൂപയാണ് കുടിശ്ശിക എന്ന് പറയാന്‍ പോലും കഴിയാത്ത സാഹചര്യത്തില്‍ പദ്ധതി ഏറെ കാലമായി നിലച്ച മട്ടാണ്. അതോടൊപ്പം പദ്ധതിയിലേക്കായി അപേക്ഷിച്ചവരുടെ കാത്തിരിപ്പും നീളുകയാണ്. അപേക്ഷ നല്‍കിയിട്ടും പദ്ധതിയിലെ അംഗത്വം സംബന്ധിച്ച് ഇവര്‍ക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. 2018ല്‍ നല്‍കിയ അപേക്ഷകള്‍ പോലും പരിഗണിച്ചിട്ടില്ല. ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കുടുംബം ഉള്‍പ്പെടെ ഭിന്നശേഷി മേഖലയിലുള്ളവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസ കിരണം പദ്ധതി ആശ്വാസമായിരുന്നു.

ബങ്കളം കക്കാട്ട് സ്വദേശിയായ ടി. വി സുനില്‍ കുമാറിന്റെ ജീവിതം വീല്‍ചെയറിലാണ്. നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ചലനശേഷി നഷ്ടപ്പെട്ടതായിരുന്നു. ഓള്‍ കേരള വീല്‍ ചെയര്‍ റൈറ്റ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി കൂടിയായ സുനില്‍ കുമാറിന്റെ രക്ഷിതാവിന് അവസാനം ആശ്വാസ കിരണം പദ്ധതിയിലൂടെ ധനസഹായം ലഭിച്ചത് എന്നുപോലും ഓര്‍മയില്ല. ഒരു വര്‍ഷത്തിലേറെയായി തുക കിട്ടിയിട്ട്. ജില്ലയില്‍ വിവിധ അസുഖങ്ങളാലും പരിക്കേറ്റതിനെ തുടര്‍ന്നും വീല്‍ചെയറില്‍ ജീവിക്കുന്നത് 200 പേരാണ്. ഒരു വര്‍ഷത്തിലധികമായി ഇവരെ പരിചരിക്കുന്നവര്‍ക്ക് ധനസഹായം ലഭിച്ചിട്ടില്ല.

എന്‍ഡോസള്‍ഫാന്‍ ഇരകളുടെ കുടുംബങ്ങളില്‍ പലര്‍ക്കും അപേക്ഷ നല്‍കിയിട്ട് ഇതുവരെ മറുപടി ലഭിച്ചില്ലെന്നും അപേക്ഷ പരിഗണിച്ചവര്‍ക്ക് ഏറെ കാലമായി പദ്ധതിയിലൂടെ ധനസഹായം കിട്ടുന്നില്ലെന്നും എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന മുനീസ അമ്പലത്തറ പറഞ്ഞു. രണ്ട് കുട്ടികളും കിടപ്പിലായ കുടുംബം അപേക്ഷ നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടിയില്ലെന്നും ഫണ്ടില്ല എന്ന മറുപടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നതെന്നും മുനീസ പറഞ്ഞു.

ധനസഹായം നല്‍കുന്നതിനുള്ള തുക സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കിട്ടുന്നില്ലെന്ന മറുപടിയാണ് പദ്ധതി നടത്തിപ്പ് ചുമതലയുള്ള സാമൂഹ്യ സുരക്ഷാ മിഷന്‍ അധികൃതരില്‍ നിന്ന് ലഭിക്കുന്നത്.

നിധീഷ് ബാലന്‍
നിധീഷ് ബാലന്‍ - ഓണ്‍ലൈന്‍ എഡിറ്റര്‍, ഉത്തരദേശം ഓണ്‍ലൈന്‍  
Related Articles
Next Story
Share it