ആരിക്കാടി ടോള്‍ഗേറ്റ്: ഹൈക്കോടതി വാദം കേള്‍ക്കല്‍ നാളെ; അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയില്‍ കര്‍മ്മ സമിതിയും യാത്രക്കാരും
ഏറെ പ്രതിഷേധങ്ങള്‍ക്കും കേസ് കോടതി പരിഗണനയിലുമിരിക്കെ ടോള്‍ പ്ലാസയില്‍ ബുധനാഴ്ച മുതല്‍ ടോള്‍ പിരിക്കാന്‍ നീക്കം നടന്നിരുന്നു

കുമ്പള: ആരിക്കാടി ദേശീയപാതയില്‍ സ്ഥാപിച്ച ടോള്‍ ഗേറ്റിനെതിരെ കര്‍മ്മ സമിതി നല്‍കിയ ഹരജിയില്‍ ഹൈക്കോടതി നാളെ വാദം കേള്‍ക്കാനിരിക്കെ അനുകൂല നടപടി ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ കര്‍മ്മ സമിതിയും യാത്രക്കാരും. ഏറെ പ്രതിഷേധങ്ങള്‍ക്കും കേസ് കോടതി പരിഗണനയിലുമിരിക്കെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാക്കിയ ആരിക്കാടിയിലെ ടോള്‍ പ്ലാസയില്‍ ബുധനാഴ്ച മുതല്‍ വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ തുടങ്ങുമെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എന്‍.എച്ച്.ഐ) പത്ര പരസ്യം വഴി അറിയിച്ചിരുന്നു.
എന്നാല്‍ പ്രതിഷേധമറിയിച്ച് കര്‍മ്മ സമിതി ചെയര്‍മാന്‍ എ.കെ.എം അഷ്റഫ് എം.എല്‍.എ ജില്ലാ കലക്ടറെയും ജില്ലാ പൊലീസ് മേധാവിയേയും ബന്ധപ്പെടുകയും ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ അന്തിമവിധി വരുന്ന വെള്ളിയാഴ്ച വരെ ടോള്‍ പിരിക്കില്ലെന്ന ഉറപ്പ് വാങ്ങുകയുമായിരുന്നു. ടോള്‍ പിരിക്കാനുള്ള അതോറിറ്റിയുടെ നീക്കത്തിനെതിരെ കഴിഞ്ഞ ദിവസം എ.കെ.എം. അഷ്റഫ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കര്‍മ്മ സമിതി യോഗത്തില്‍ സമരം ശക്തമാക്കാനും തീരുമാനിച്ചിരുന്നു.
ആരിക്കാടിയില്‍ നിന്ന് കേവലം 22 കിലോമീറ്റര്‍ മാത്രം അകലെ കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടിയില്‍ മറ്റൊരു ടോള്‍ പ്ലാസ നിലവിലിരിക്കെ ഇത്രയും ദൂരത്തിനിടയില്‍ 2 ടോള്‍ പ്ലാസകള്‍ പാടില്ലെന്ന നിയമം ലംഘിച്ചാണ് ഒന്നാംഘട്ട നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയായി എന്ന് അവകാശപ്പെട്ട് ടോള്‍ പിരിക്കുന്നതെന്നാണ് കര്‍മ്മ സമിതി ആരോപിക്കുന്നത്. ഈ വാദമുന്നയിച്ച് കോടതിയെ സമീപിച്ച് മാസങ്ങളായി. കേസ് പരിഗണിക്കുന്നത് പല തവണ മാറ്റിവെച്ചു. അതിനിടെ പൊലീസ് കാവലില്‍ ടോള്‍ ഗേറ്റ് നിര്‍മ്മാണവും പരീക്ഷണാടിസ്ഥനത്തില്‍ വാഹനങ്ങളെ കടത്തി വിടലും പൂര്‍ത്തിയാക്കി അധികൃതര്‍ ടോള്‍പിരിവ് ആരംഭിക്കുമെന്ന അറിയിപ്പും നല്‍കുകയായിരുന്നു.
ആരിക്കാടിയിലെ ടോള്‍ പ്ലാസ താല്‍ക്കാലികമാണ് എന്നാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്. ദേശീയപാത രണ്ടാം റീച്ച് ചാലിങ്കാലില്‍ ടോള്‍ ബൂത്ത് നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ മാത്രം ആരിക്കാടിയില്‍ ടോള്‍ പിരിക്കുന്നത് എന്നാണ് ദേശീയപാത അതോറിറ്റി അധികൃതര്‍ പറയുന്നത്. എന്നാല്‍ ആരിക്കാടിയിലെ ടോള്‍ പിരിവ് നീണ്ട് പോവുമെന്ന ആശങ്കയാണ് യാത്രക്കാര്‍ക്കുള്ളത്.
വ്യാപാര, വ്യവസായ, ചികിത്സാ ആവശ്യങ്ങള്‍ക്ക് മംഗളൂരു നഗരത്തെ ആശ്രയിക്കുന്ന കാസര്‍കോട്ടുകാര്‍ക്ക് അടുത്തടുത്ത് രണ്ടിടങ്ങളില്‍ ടോള്‍ നല്‍കുക പ്രയാസമാണ്. ഇരുഭാഗങ്ങളിലേക്കും വാഹനങ്ങളുമായി പോകുമ്പോള്‍ ടോളിനായി വന്‍തുക നല്‍കേണ്ടിവരുമെന്ന ആശങ്കയാണ് നാട്ടുകാര്‍ക്കുള്ളത്.
ടോള്‍ ബൂത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കെ ദേശീയപാത അതോറിറ്റി ടോള്‍ പിരിവ് ആരംഭിക്കുന്നത് ഏകപക്ഷീയവും ജനദ്രോഹപരവുമാണെന്നും സമരം കൂടുതല്‍ ശക്തമാക്കുമെന്നും ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എ.കെ.എം. അഷ്റഫ് എം.എല്‍.എ പറഞ്ഞു.
എന്‍.എച്ച് അധികൃരുടെ അറിയിപ്പ് പ്രകാരം ഒരു ഭാഗത്തേക്ക് കാര്‍, ജീപ്പ്, വാന്‍, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ എന്നിവക്ക് 85 രൂപയാണ് ടോള്‍. മടക്കയാത്ര 24 മണിക്കൂറിനുള്ളിലാണെങ്കില്‍ ഇരുവശത്തേക്കുമായി 130 രൂപയാണ്. പ്രതിമാസം 50 യാത്രകള്‍ക്ക് 2890 രൂപയാണ് നിരക്ക്. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വ്യവസായ വാഹനങ്ങള്‍ക്ക് 45 രൂപയാണ് ചാര്‍ജ്. എല്‍.സി.വി, എല്‍.ജി.വി. മിനി ബസുകള്‍ക്ക് 140 രൂപയും മടക്കയാത്ര 24 മണിക്കൂറിനുള്ളിലാണെങ്കില്‍ 210 രൂപയുമാണ്.
ബസുകള്‍ക്കും ട്രക്കുകള്‍ക്കും ഒരുഭാഗത്തേക്ക് 295 രൂപയും വ്യവസായ വാഹനങ്ങള്‍ക്ക് 320 രൂപയും എര്‍ത്ത് മൂവിങ് എക്യുപ്മെന്റ്, മള്‍ട്ടി ആക്സില്‍ വെഹിക്കിള്‍ എന്നിവക്ക് 460 രൂപയും ഏഴും അതില്‍ കൂടുതല്‍ ആക്സിലുകളുള്ള വാഹനങ്ങള്‍ക്ക് 560 രൂപയുമാണ് ടോള്‍. പ്ലാസയില്‍ നിന്ന് 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമകള്‍ക്ക് പ്രതിമാസ നിരക്ക് 340 രൂപ ആയിരിക്കും. പണം അടച്ച് 24 മണിക്കൂറിനുള്ളില്‍ തിരിച്ചുവരുന്ന എല്ലാത്തരം വാഹനങ്ങള്‍ക്കും നിരക്കില്‍ 50 ശതമാനം ഇളവുണ്ടാകും.

