ആരിക്കാടിയില്‍ ടോള്‍പ്ലാസ നിര്‍മ്മാണം നടക്കുന്നതിനിടെ ഹമ്പും നിര്‍മ്മിച്ചു; ആക്ഷന്‍ കമ്മിറ്റിയും ജീവനക്കാരും തമ്മില്‍ ഉന്തും തള്ളും

ഹമ്പ് കാരണം വാഹന ഗതാഗതം സ്തംഭിക്കുന്നുവെന്ന് നാട്ടുകാര്‍

കുമ്പള: ആരിക്കാടിയില്‍ ടോള്‍ പ്ലാസ നിര്‍മ്മാണം നടന്നുവരുന്നതിനിടെ ഹമ്പും നിര്‍മ്മിച്ചതോടെ പ്രതിഷേധം ശക്തമാകുന്നു. ടോള്‍ പ്ലാസ നിര്‍മ്മാണത്തിനെതിരെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നിയമപോരാട്ടം നടത്തിവരികയാണ്. നാട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് ടോള്‍ പ്ലാസയുടെ നിര്‍മ്മാണം നടന്നുവരുന്നുണ്ട്. ഇതിനിടെയാണ് ഹമ്പ് നിര്‍മ്മിച്ചത്. ഇതോടെ ഇവിടെ വാഹനഗതാഗതം സ്തംഭിക്കുകയാണ്.

ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങള്‍ ആരിക്കാടിയില്‍ ടോള്‍പ്ലാസയുടെ പുതുതായി നിര്‍മ്മിച്ച ഹമ്പിനടുത്തെത്തുമ്പോള്‍ നിര്‍ത്തിയിടുന്നു. മുന്നിലുള്ള ഒരു വാഹനം നിര്‍ത്തുമ്പോള്‍ പിറകിലുള്ള വാഹനങ്ങളെല്ലാം നിരനിരയായി നിര്‍ത്തിയിടേണ്ടി വരികയാണ്. തിങ്കളാഴ്ച ഉച്ചക്ക് ഹമ്പ് കാരണം ഗതാഗതസ്തംഭനമുണ്ടായതോടെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്ഥലത്തെത്തുകയും ടോള്‍ പ്ലാസ ജീവനക്കാരുമായി വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു.

ടോള്‍പ്ലാസ നിര്‍മ്മാണത്തിനെതിരെ ഹൈക്കോടതിയില്‍ കേസ് നടക്കുകയാണെന്നും ഇതില്‍ തീരുമാനമാകാതെ എന്തടിസ്ഥാനത്തിലാണ് ഹമ്പ് നിര്‍മ്മിച്ചതെന്നുമായിരുന്നു ആക്ഷന്‍ കമ്മിറ്റിയുടെ ചോദ്യം. വാക്കുതര്‍ക്കം രൂക്ഷമായതോടെ ആക്ഷന്‍ കമ്മിറ്റിയും ജീവനക്കാരും തമ്മില്‍ ഉന്തും തള്ളും നടന്നു. ഉച്ചക്ക് 2.30 മണിമുതല്‍ ആരംഭിച്ച സംഘര്‍ഷാവസ്ഥ രാത്രി വരെ നീണ്ടുനിന്നു. പൊലീസ് ഇടപെട്ടതോടെ പ്രതിഷേധം അവസാനിപ്പിക്കുകയും ആക്ഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ടവര്‍ രാത്രിയോടെ പിരിഞ്ഞുപോകുകയും ചെയ്തു.

ടോള്‍ പ്ലാസ നിര്‍മ്മാണത്തിനെതിരെ കുമ്പള സ്വദേശികളുടെ പ്രതിഷേധം മാസങ്ങളായി തുടരുകയാണ്. തലപ്പാടിയില്‍ ഒരു ടോള്‍ പ്ലാസ ഉള്ള സാഹചര്യത്തില്‍ ആരിക്കാടിയില്‍ താല്‍കാലിക ടോള്‍ ഗേറ്റ് അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്തുള്ളവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി കൂടുതലായും ആശ്രയിക്കുന്നത് മംഗളൂരു നഗരത്തെയാണ്. വാഹനങ്ങള്‍ക്ക് രണ്ട് ടോളുകള്‍ കടന്നുപോകേണ്ട സാഹചര്യമുണ്ടാകുമെന്നതടക്കമുള്ള പരാതികളാണ് നിലനില്‍ക്കുന്നത്. ഇതുകാരണം കൂടതല്‍ സാമ്പത്തികബാധ്യതയുണ്ടാകുമെന്നാണ് ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കുന്നത്.

Related Articles
Next Story
Share it