ആരിക്കാടി ടോള്‍ ഗേറ്റ്: അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കുമ്പള: ദേശീയ പാത 66ല്‍ കുമ്പള ആരിക്കാടിയില്‍ ടോള്‍ ഗേറ്റ് നിര്‍മിക്കാമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കര്‍മസമിതി ഡിവിഷന്‍ ബെഞ്ചില്‍ സമര്‍പ്പിച്ച അപ്പീല്‍ ഇന്ന് പരിഗണിക്കും. ടോള്‍ ഗേറ്റ് നിര്‍മാണത്തിനെതിരെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് കര്‍മസമിതി. ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകരും നാട്ടുകാരും.

തിങ്കളാഴ്ച ടോള്‍ ഗേറ്റിലേക്ക് നടത്തിയ ബഹുജനമാര്‍ച്ചില്‍ നൂറ് കണക്കിന് പേരാണ് അണിനിരന്നത്. പൊലീസും പ്രവര്‍ത്തകരും ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ടോള്‍ ഗേറ്റിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, കാസര്‍കോട് നഗരസഭ, മൊഗ്രാല്‍ പുത്തൂര്‍, ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി കര്‍മസമിതി വിപുലീകരിച്ചിരിക്കുകയാണ്. ടോള്‍ ഗേറ്റ് സംബന്ധിച്ച് ഹൈക്കോടതിയില്‍ നിന്ന് അന്തിമ വിധി വരുന്നതുവരെ നിര്‍മാണ പ്രവൃത്തി തുടങ്ങില്ല എന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചത്. എന്നാല്‍ കര്‍മസമിതിയുടെ അപ്പീല്‍ പരിഗണിക്കാനിരിക്കെ നിര്‍മാണ പ്രവൃത്തിയുമായി കമ്പനി മുന്നോട്ടുപോവുകയായിരുന്നു.

ടോള്‍ ഗേറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കര്‍മസമിതിയും നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതി സിംഗില്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ദേശീയ പാത ചട്ടപ്രകാരം 60 കിലോ മീറ്റര്‍ അകലെ നിര്‍മിക്കേണ്ട ടോള്‍ ഗേറ്റ് 23 കിലോ മീറ്റര്‍ പരിധിയില്‍ നിര്‍മിക്കുന്നതിനെതിരെയാണ് പ്രതിഷേധം.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it