ആരിക്കാടി ടോള്‍ ഗേറ്റ്; പ്രതിഷേധത്തിന് മൂര്‍ച്ച കൂട്ടാന്‍ കര്‍മസമിതി

കുമ്പള: ദേശീയ പാത 66ല്‍ കുമ്പള ആരിക്കാടില്‍ ടോള്‍ ഗേറ്റ് നിര്‍മാണ പ്രവൃത്തി പുനരാരംഭിച്ച പശ്ചാത്തലത്തില്‍ സമരം ശക്തമാക്കാനുള്ള നീക്കവുമായി കര്‍മസമിതി. കാസര്‍കോട് താലൂക്കിലെ എട്ട് പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ , രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായികള്‍, യുവജനസംഘടനകള്‍ എന്നിവരെ ഉള്‍പ്പെടുത്തി ശനിയാഴ്ച ജനകീയ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും. എ.കെ.എം അഷ്‌റഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ടോള്‍ ഗേറ്റ് നിര്‍മാണത്തിനെതിരെ കൂടുതല്‍ പേരെ അണിനിരത്തി പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. കര്‍മസമിതിയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തും.
നേരത്തെ ടോള്‍ ഗേറ്റിനെതിരെ കര്‍മസമിതി ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് കര്‍മസമിതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി സെപ്തംബര്‍ 9ന് പരിഗണിക്കും.
ഇതിനിടെ വെള്ളിയാഴ്ച വൈകീട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ആരിക്കാടിയില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ആരിക്കാടിയില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് വേണമെന്ന ആവശ്യവുമായി നൂറ് കണക്കിന് പേരാണ് സമരം നടത്തിയത്. ജനപ്രതിനിധികള്‍ ആരും ഇല്ലാതെയാണ് നാട്ടുകാര്‍ സമരം നടത്തിയത്. പ്രതിഷേധം കൂടുതല്‍ ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.