ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് ജില്ലയില്‍ നീക്കം ചെയ്തത് 14 കൊടികളും 10 പ്രചരണ ബോര്‍ഡുകളും 3 ഫ് ളക്‌സുകളും ഒരു പോസ്റ്ററും

തദ്ദേശതിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ നിയമപരമാണോ എന്ന് നിരീക്ഷിക്കുന്നതിനായാണ് ആന്റി ഡിഫൈസ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ചത്‌

കാസര്‍കോട്: തദ്ദേശതിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ നിയമപരമാണോ എന്ന് നിരീക്ഷിക്കുന്നതിനായി രൂപം നല്‍കിയ ആന്റി ഡിഫൈസ്‌മെന്റ് സ്‌ക്വാഡ് ജില്ലയില്‍ കഴിഞ്ഞദിവസം നീക്കം ചെയ്തത് പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച 14 കൊടികളും പത്ത് പ്രചരണ ബോര്‍ഡുകളും മൂന്ന് ഫ് ളക്‌സുകളും ഒരു പോസ്റ്ററും. മഞ്ചേശ്വരം താലൂക്കില്‍ ബൈക്കട്ട മുതല്‍ മീഞ്ച വരെയുള്ള റോഡിനു സമീപത്തായി സ്ഥാപിച്ച രണ്ടു കൊടികളും, മഞ്ചേശ്വരം ദേശീയപാത സര്‍വീസ് റോഡിന് സമീപം രണ്ട് കൊടികളും ഗെരുക്കട്ടയില്‍ സ്ഥാപിച്ച ഫ് ളക്‌സും ബങ്ക്രയിലെ പ്രചരണ ബോര്‍ഡുമാണ് നീക്കം ചെയ്തത്.

കാസര്‍കോട് താലൂക്കില്‍ ത്രിതല പഞ്ചായത്ത് തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍ക്കായി ശങ്കരപാടി, ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ ആറ് പ്രചാരണ ബോര്‍ഡുകളും ശങ്കരംപാടി, മാണിമൂല, ദേലംപാടി, പല്ലവോട് എന്നിവിടങ്ങളിലെ ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെ പ്രചരണ ബോര്‍ഡുകളും, പൊവ്വല്‍, പാടിയത്തടുക്ക, ആദൂര്‍-പള്ളം, അടൂര്‍ ഇവന്തൂര്‍ എന്നിവിടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ അഞ്ച് കൊടികളും പള്ളഞ്ചിയിലെ പ്രചരണ പോസ്റ്ററുമാണ് നീക്കം ചെയ്തത്.

വെള്ളരിക്കുണ്ട് താലൂക്കില്‍ കരിന്തളം, കക്കടവ് എന്നിവിടങ്ങളില്‍ സ്ഥാപിച്ച പ്രചരണ ഫ് ളക്‌സുകളും കരിന്തളം, കക്കടവ്, ബാദുര്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അഞ്ചു കൊടികളും ആണ് നീക്കിയത്. ഈ മൂന്നു താലൂക്കുകളിലെയും ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡിന്റെ ചുമതലയുള്ള ഭൂരേഖ തഹസില്‍ദാര്‍ ടി പി ഷമീര്‍, സ്യൂട്ട് സെക്ഷന്‍ സീനിയര്‍ സൂപ്രണ്ട് വി ശ്രീകുമാര്‍, എല്‍ എ പിഡബ്ല്യുഡി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പി പ്രമോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

Related Articles
Next Story
Share it