വീണ്ടും ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ തട്ടിപ്പ്; കാഞ്ഞങ്ങാട്ട് ദമ്പതികള്‍ക്ക് നഷ്ടപ്പെട്ടത് 2.40 കോടി രൂപ

റിട്ട. പ്രഥമാധ്യാപകന്‍ വിഷ്ണു എമ്പ്രാന്തിരി, ഭാര്യയും ഹോമിയോ ഡോക്ടറുമായ കെ.പി പ്രസന്നകുമാരി എന്നിവരാണ് തട്ടിപ്പിനിരയായത്

കാഞ്ഞങ്ങാട്: മണി ലണ്ടറിങ് കേസില്‍പ്പെട്ട് ഡിജിറ്റല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് പറഞ്ഞ് കാഞ്ഞങ്ങാട്ട് ദമ്പതികളുടെ അക്കൗണ്ടില്‍ നിന്ന് 2,40,00,000 രൂപ തട്ടിയെടുത്തതായി പരാതി. തെരുവത്ത് ലക്ഷ്മിനഗര്‍ കെ.വി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന റിട്ട. പ്രഥമാധ്യാപകന്‍ വിഷ്ണു എമ്പ്രാന്തിരി, ഭാര്യയും ഹോമിയോ ഡോക്ടറുമായ കെ.പി പ്രസന്നകുമാരി എന്നിവരാണ് തട്ടിപ്പിനിരയായത്.

ന്യൂഡല്‍ഹിയിലെ ട്രായിയില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ വിളിവന്നതിന് പിന്നാലെയാണ് തട്ടിപ്പ് അരങ്ങേറിയത്. ഈ മാസം എട്ടിനാണ് വിളി തുടങ്ങിയത്. പിന്നാലെ മുംബൈ സി.ബി.ഐയില്‍ നിന്നാണെന്ന് പറഞ്ഞ് വീഡിയോ കോളും വന്നു. പൊലീസ് യൂണിഫോമിട്ട ഒരാളെ വീഡിയോയില്‍ കാണാന്‍ കഴിഞ്ഞതായി ദമ്പതികള്‍ പറയുന്നു. ഹിന്ദിയിലാണ് സംസാരിച്ചതെങ്കിലും മലയാള പരിഭാഷകന്‍ എത്തി. ഭാര്യയുടെ കാനറ ബാങ്ക് അക്കൗണ്ടിലേക്ക് 20 ലക്ഷം രൂപ 2022 മുതല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞതോടെ അത്തരം അക്കൗണ്ടില്ലെന്ന് അറിയിച്ചപ്പോള്‍ ഭാര്യയുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പി അവര്‍ വാട്സ് ആപ്പ് കോളില്‍ കാണിച്ച് വിശ്വാസ്യത വര്‍ധിപ്പിച്ചു.

രണ്ട് കോടി രൂപയുടെ മണിലെണ്ടറിങുമായി ബന്ധപ്പെട്ട് നരേഷ് ഗോയല്‍ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അയാള്‍ ഉള്‍പ്പെടെ 247 ആളുകള്‍ ഈ കേസിലുണ്ടെന്നും ഭാര്യ അതിലൊരാളാണെന്നും പറഞ്ഞു. ഭാര്യയുടെ അക്കൗണ്ട് വെരിഫൈ ചെയ്ത് നരേഷ് ഗോയലുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് അറിയിച്ചത്. ഒരു കത്തെഴുതി രണ്ടുപേരുടെയും ഫോട്ടോ ഒട്ടിച്ച് ഒപ്പിട്ട് അയച്ചുകൊടുക്കാന്‍ പറഞ്ഞു. അതും ദമ്പതികള്‍ അയച്ചുകൊടുത്തു. രണ്ടുപേരുടെയും മുഴുവന്‍ അക്കൗണ്ട് വിവരങ്ങളും അതിലുള്ള തുകയും അവര്‍ ചോദിച്ചു.

ഇതോടെ ഹൊസ്ദുര്‍ഗ് കോ-ഓപ്പറേറ്റീവ് ബാങ്കിലെയും ഹൊസ്ദുര്‍ഗ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയിലെയും അക്കൗണ്ട് വിവരങ്ങള്‍ കൈമാറി. അക്കൗണ്ടുകളിലുള്ള തുക വെരിഫൈ ചെയ്യാന്‍ ആര്‍.ടി.ജി.എസ് വഴി അവരുടെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യണമെന്ന് പറഞ്ഞു. ഇതോടെ രണ്ട് ബാങ്കുകളിലെ അക്കൗണ്ടുകളും പുതിയ കോട്ടയിലെ കര്‍ണാടക ബാങ്കിലേക്ക് മാറ്റി. 64ലക്ഷം, 1,26,67,000 രൂപ എന്നിങ്ങനെയാണ് മാറ്റിയത്. അക്കൗണ്ടുകളിലെ പണം അയച്ചു കൊടുക്കാന്‍ സുപ്രീംകോടതിയുടെ വിധിയുണ്ടെന്ന് സൂചിപ്പിക്കുന്ന വ്യാജ രേഖയും ഇവര്‍ക്ക് കൈമാറി.

ഇതോടെ കര്‍ണാടക ബാങ്കില്‍ നിന്ന് പണം വിവിധ ബാങ്കുകളിലേക്ക് മാറ്റി. ഐ.സി.ഐ.സി.ഐ, മസ്‌കോട്ട് മാനേജ്മെന്റ് സൊല്യൂഷന്‍സ്, യെസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയ ബാങ്കുകളിലേക്കാണ് ദമ്പതികള്‍ പണം അയച്ചു കൊടുത്തത്. അടുത്ത ബന്ധു സംഭവമറിഞ്ഞതോടെ തട്ടിപ്പാണെന്ന സംശയം പ്രകടിപ്പിച്ചു. ഇതോടെയാണ് വിഷ്ണു എമ്പ്രാന്തിരി കാസര്‍കോട് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. എസ്.ഐ പി. രവീന്ദ്രന്റെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷിക്കുകയാണ്.

സംഭവത്തിന് പിന്നാലെ ഇതുസംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തി. പൊലീസ്, കസ്റ്റംസ്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, ട്രായി, സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സൈബര്‍ സെല്‍, ഇന്റലിജന്‍സ് ഏജന്‍സികളുടെ പേരില്‍ വരുന്ന ഡിജിറ്റല്‍ അറസ്റ്റ് എന്ന ഭീഷണിയില്‍ ആരും പെട്ടുപോകരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

വിവിധ കേസുകളില്‍ പെട്ടെന്നും അനധികൃത പണം ഉണ്ടെന്നും മറ്റേതെങ്കിലും കേസിന്റെ അന്വേഷണത്തിനിടെ നിങ്ങളുടെ ആധാര്‍ കാര്‍ഡ് കണ്ടെത്തി തുടങ്ങിയ പേരിലായിരിക്കും ഭീഷണിയും ഫോണ്‍ വിളിയും. വിശ്വസിപ്പിക്കാന്‍ അന്വേഷണ ഏജന്‍സിയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും കാട്ടും. നിങ്ങളുടെ സമ്പാദ്യം പരിശോധനക്കായി നല്‍കണമെന്നും നിയമപരമായി സമ്പാദിച്ചതാണോയെന്ന് പരിശോധിച്ച ശേഷം തുക തിരിച്ചുനല്‍കുമെന്നും അറിയിക്കുകയാണ് അടുത്തഘട്ടം.

പണം തിരികെ ലഭിക്കുമെന്ന വിശ്വാസത്തില്‍, അവര്‍ നല്‍കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് നിങ്ങള്‍ പണം ഓണ്‍ലൈനായി നിക്ഷേപിക്കുന്നതോടെ തട്ടിപ്പ് പൂര്‍ത്തിയാകുന്നു. അന്വേഷണ ഏജന്‍സികള്‍ക്ക് സംശയാസ്പദമായ രീതിയില്‍ കണ്ടെത്തുന്ന ഏത് അക്കൗണ്ടും നിയമപരമായിത്തന്നെ മരവിപ്പിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ, പരിശോധനക്കായി സമ്പാദ്യമോ പണമോ കൈമാറാന്‍ ഒരിക്കലും അവര്‍ ആവശ്യപ്പെടില്ല. ഇത്തരമൊരു ആവശ്യം ആരെങ്കിലും ഫോണിലോ ഇമെയില്‍ മുഖേനയോ ഉന്നയിച്ചാല്‍ ഉടന്‍ 1930ല്‍ സൈബര്‍ പൊലീസിനെ വിവരമറിയിക്കണമെന്നും പൊലീസ് ജനങ്ങളോട് അഭ്യര്‍ഥിച്ചു.

Related Articles
Next Story
Share it