കുഴഞ്ഞുവീണ് ആസ്പത്രിയിലായ ബി.എല്‍.ഒ നേരിട്ടത് കടുത്ത മാനസികസമ്മര്‍ദ്ദം; ചുമതല ആയിരത്തിലേറെ വോട്ടര്‍മാരുടെ വിവരശേഖരണം

മൈക്കയം അംഗണവാടി ടീച്ചര്‍ എന്‍ ശ്രീജയാണ് കഴിഞ്ഞദിവസം വീടുകള്‍ കയറി ജോലി ചെയ്യുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണത്

കാഞ്ഞങ്ങാട് : എസ്.ഐ.ആറുമായി ബന്ധപ്പെട്ട ജോലിക്കിടെ കുഴഞ്ഞുവീണ കാഞ്ഞങ്ങാട് മണ്ഡലത്തിലെ ബി.എല്‍.ഒ നേരിട്ടത് കടുത്ത മാനസിക സമ്മര്‍ദ്ദം. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ 124ാം ബൂത്ത് ലെവല്‍ ഓഫീസര്‍ ബളാല്‍ പഞ്ചായത്തിലെ മൈക്കയം അംഗണവാടി ടീച്ചര്‍ എന്‍ ശ്രീജ (45)യാണ് കഴിഞ്ഞദിവസം വീടുകള്‍ കയറി ജോലി ചെയ്യുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണത്.

ബളാല്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ ദുര്‍ഘടമായ മലമ്പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ 1112 വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന ചുമതലയാണ് ശ്രീജക്ക് ഏറ്റെടുക്കേണ്ടി വന്നത്. വള്ളിക്കടവ് ഭാഗത്ത് വിവരശേഖരണം നടത്തുന്നതിനിടെ ക്ഷീണിതയായ ശ്രീജ ഇരുചക്രവാഹനത്തില്‍ കൊന്നക്കാട് ഭാഗത്തേക്ക് തിരിച്ചുപോയി. ടൗണിലെ കടയില്‍ നിന്ന് വെള്ളം കുടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍തന്നെ കൊന്നക്കാട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടിയതിനാല്‍ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വീടുകളില്‍ കയറി വിവരശേഖരണം നടത്തിയത്. തിങ്കളാഴ്ച തനിച്ചായിരുന്നു. നാല് വീടുകള്‍ പൂര്‍ത്തിയാക്കിയതോടെ ക്ഷീണിതയാവുകയായിരുന്നു. ഡിസംബര്‍ നാലിനകം ജോലി പൂര്‍ത്തിയാകാനാകുമോ എന്നോര്‍ത്തുള്ള ആശങ്കയും വിവരണശേഖരണം നടത്തുമ്പോഴുണ്ടാകുന്ന യാത്രാ ബുദ്ധിമുട്ടും മറ്റ് പ്രശ്നങ്ങളും കാരണം ശ്രീജ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ മുരളീധരന്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ ആസ്പത്രിയിലെത്തി ശ്രീജയെ സന്ദര്‍ശിച്ചു.

Related Articles
Next Story
Share it