അമീബിക് മസ്തിഷ്‌കജ്വരം: ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

കാസര്‍കോട്: ജലമാണ് ജീവന്‍ എന്ന പേരില്‍ നടക്കുന്ന അമീബിക് മസ്തിഷ്‌ക ജ്വര പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാതല അവലോകന യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലയില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്തു. ജില്ലയിലെ എല്ലാ കിണറുകളുടെയും ക്ലോറിനേഷന്‍ ഒക്ടോബര്‍ രണ്ടിനകം പൂര്‍ത്തിയാക്കും. ഇതിനായി പ്രത്യേക ക്യാമ്പെയിന്‍ സംഘടിപ്പിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡ് തല ക്ലോറിനേഷന്‍ ടീമുകള്‍ രൂപീകരിച്ച് ടാങ്ക് ശുചീകരണവും ക്ലോറിനേഷനും നടത്തും. കുടുംബശ്രീ പ്രവര്‍ത്തകരുടെയും പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകരുടെയും സജീവ സഹകരണം ഉറപ്പാക്കും

സ്‌കൂള്‍തല ബോധവത്കരണ പരിപാടികള്‍ വ്യാപകമായി സംഘടിപ്പിക്കും. . അധ്യാപകര്‍ക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി. എല്ലാ വിദ്യാലയങ്ങളിലും അസംബ്ലി മുഖേന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിശദീകരണം നല്‍കും. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 12 ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ ജലഗുണനിലവാര പരിശോധനാ ലാബുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. പരിശോധനയ്ക്കാവശ്യമായ കെമിക്കലുകള്‍ വേഗത്തില്‍ വിതരണം ചെയ്ത്, നാഷണല്‍ സര്‍വീസ് സ്‌കീം വളണ്ടിയര്‍മാര്‍ മുഖേന കിണര്‍വെള്ളം ശേഖരിച്ചു പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം.

പൊതുസ്ഥാപനങ്ങളിലെ ജലവിതരണ ടാങ്കുകള്‍ ഒക്ടോബര്‍ അഞ്ചിനകം ശുചീകരിക്കണമെന്നും സിവില്‍ സ്റ്റേഷനിലെ ടാങ്ക് ഒക്ടോബര്‍ ഒന്നിന് ശുചീകരിക്കണമെന്നും നിര്‍ദ്ദേശിച്ചു. ക്ലോറിനേഷന്‍, ടാങ്ക് ശുചീകരണം, സ്‌കൂള്‍ അസംബ്ലി തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച ഡാറ്റ ഒക്ടോബര്‍ നാലിനകം സമര്‍പ്പിക്കണം. ജലാശയങ്ങളും നീര്‍ച്ചാലുകളും നവംബര്‍ ഒന്നിനകം ശുചീകരിക്കാന്‍ ജനകീയ കര്‍മ്മപദ്ധതി തയ്യാറാക്കി നടപ്പാക്കാനും യോഗം തീരുമാനിച്ചു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it