പിന്തുടര്‍ന്ന പൊലീസ് ജീപ്പില്‍ കാര്‍ 3 തവണ ഇടിച്ചശേഷം കടന്നുകളഞ്ഞു; തിരച്ചില്‍ ശക്തമാക്കി പൊലീസ്
അപകടത്തില്‍ പൊലീസ് ജീപ്പ് ഡ്രൈവര്‍ രാകേഷിന് പരിക്കേറ്റു

കുറ്റിക്കോല്‍: പിന്തുടര്‍ന്ന പൊലീസ് ജീപ്പില്‍ ആള്‍ട്ടോ കാര്‍ മൂന്നുതവണ ഇടിച്ചശേഷം കടന്നുകളഞ്ഞു. അപകടത്തില്‍ പൊലീസ് ജീപ്പ് ഡ്രൈവര്‍ രാകേഷിന് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. ബേഡകം പൊലീസ് സ്റ്റേഷനിലെ ജീപ്പിലാണ് ആള്‍ട്ടോ കാര്‍ മൂന്നുതവണ ഇടിച്ചത്. ബേഡകം എ.എസ്.ഐയുടെ നേതൃത്വത്തില്‍ രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടെ പള്ളത്തുംകാലിലെത്തിയ ആള്‍ട്ടോ കാറിന് പൊലീസ് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയി. ഇതേതുടര്‍ന്ന് പൊലീസ് ജീപ്പ് പിന്തുടര്‍ന്നതോടെ കാര്‍ അമിത വേഗതയില്‍ ഓട്ടം തുടര്‍ന്നു.
കുറ്റിക്കോലില്‍ എത്തിയപ്പോള്‍ പൊലീസ് ജീപ്പ് കാറിനെ മറികടക്കുകയും തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും കാര്‍ പൊലീസ് വാഹനത്തില്‍ ഇടിച്ചശേഷം ബന്തടുക്ക ഭാഗത്തേക്ക് അതിവേഗതയില്‍ ഓടിച്ചുപോവുകയുമായിരുന്നു. പിന്നാലെ പൊലീസ് ജീപ്പും കുതിച്ചുപാഞ്ഞു. ബന്തടുക്കയില്‍ എത്തിയപ്പോള്‍ കാര്‍ കറങ്ങിത്തിരിഞ്ഞ് പൊലീസ് ജീപ്പില്‍ ആഞ്ഞിടിച്ചശേഷം കുറ്റിക്കോല്‍ ഭാഗത്തേക്ക് തിരിച്ച് ഓട്ടം തുടര്‍ന്നു. പൊലീസ് വിടാതെ പിന്തുടര്‍ന്നപ്പോള്‍ കാര്‍ വീണ്ടും പള്ളത്തുംകാലിലെത്തുകയും ചുള്ളിക്കര റോഡിലേക്ക് തിരിയുകയും ചെയ്തു.
ഓട്ടം തുടരുന്നതിനിടെ എതിര്‍ദിശയില്‍ നിന്നും മറ്റൊരു വാഹനം വരുന്നത് കണ്ടതോടെ പൊലീസ് ജീപ്പ് വെട്ടിച്ച് കാറിനെ മറികടക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ വീണ്ടും ഇടിക്കുകയും ഇതിന്റെ ആഘാതത്തില്‍ പൊലീസ് ജീപ്പ് റോഡരികിലെ കാട്ടിലേക്ക് മറിയുകയും ചെയ്തു. ഇതേതുടര്‍ന്നുണ്ടായ അപകടത്തിലാണ് പൊലീസ് ഡ്രൈവറുടെ കൈമുട്ടിന് പരിക്കേറ്റത്. കാറില്‍ രക്ഷപ്പെട്ട സംഘത്തെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.