മാലിന്യം തള്ളാന്‍ വരട്ടെ; സ്‌ക്വാഡുണ്ട് പിന്നാലെ; 2025ല്‍ ജില്ലയില്‍ ഇതുവരെ 13 ലക്ഷം രൂപ പിഴ ചുമത്തി

കാസര്‍കോട്: ജില്ലയില്‍ അശാസ്ത്രീയമായി മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനെതിരെ നടപടി കടുപ്പിച്ച് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്. മാലിന്യങ്ങള്‍ പൊതു ഇടങ്ങളില്‍ തള്ളിയതിനും പ്ലാസ്റ്റിക് കത്തിച്ചതിനും ഉള്‍പ്പെടെ ഈ വര്‍ഷം ഇതുവരെ 13,80000 രൂപയാണ് വിവിധ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍്ക്കുമായി ചുമത്തിയത്. തത്സമയം 20,1000 രൂപയും ഇതിന് പുറമെ ചുമത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സക്വാഡ് ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ 1065 പരിശോധനകളാണ് ജില്ലയില്‍ വിവിധ ഇടങ്ങളിലായി നടത്തിയത്. ഏറ്റവും കൂടുതല്‍ പരിശോധന നടത്തിയത് മാര്‍ച്ച് മാസത്തിലാണ് . 215 പരിശോധനകളിലായി 3.17 ലക്ഷം രൂപയാണ് മാര്‍ച്ചില്‍ മാത്രം പിഴ ചുമത്തിയത്. മറ്റ് മാസങ്ങളിലെ കണക്ക് ഇങ്ങനെ. ജനുവരിയില്‍ 173 പരിശോധനകളിലായി 2,.52 ലക്ഷം. ഫെബ്രുവരിയില്‍ ആകെ പരിശോധന 104. പിഴ 1.90 ലക്ഷം. ഏപ്രില്‍ മാസത്തില്‍ 73 പരിശോധനകളിലായി 1.17 ലക്ഷം രൂപ പിഴ ചുമത്തി. മെയ് മാസത്തില്‍ ആകെ 153 പരിശോധന നടത്തി 1.62 ലക്ഷം രൂപ പിഴ. ജൂണില്‍ 185 പരിശോധനകളിലായി 1.36 ലക്ഷം രൂപ പിഴ ആയി ഈടാക്കി. ജൂലൈ മാസത്തില്‍ 162 പരിശോധനകളാണ് നടത്തിയത്. 2.05 ലക്ഷം രൂപ പിഴ.
പ്ലാസ്റ്റിക് വസ്തുക്കള്‍ കത്തിക്കല്‍, വലിച്ചെറിയല്‍, മലിനജലം പൊതുസ്ഥലത്തേക്ക് ഒഴുക്കിവിടല്‍ എന്നിവയിലാണ് സ്‌ക്വാഡ് കൂടുതല്‍ പിഴ ചുമത്തിയിരിക്കുന്നത്. ക്വാര്‍ട്ടേഴ്‌സ് , ലോഡ്ജുകള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അജൈവ മാലിന്യങ്ങള്‍ എവിടെ സംസ്‌കരിക്കും ആര്‍ക്ക് നല്‍കും എന്നതില്‍ ആശയക്കുഴപ്പം ഉണ്ട്. ഇതിന്റെ ചുമതല സ്ഥാപനത്തിന്റെ ഉടമയ്ക്കാണ്. ഇവിടങ്ങളില്‍ മാലിന്യ സംസ്‌കരണത്തില്‍ വീഴ്ച വരുത്തിയാല്‍ 10,000 രൂപ വരെയാണ് ഉടമസ്ഥന് ചുമത്തുന്നത്. പ്ലാസ്റ്റിക് മാലിന്യം ഹരിത കര്‍മ സേനയ്ക്ക് നല്‍കിയില്ലെങ്കില്‍ 1000 മുതല്‍ 10,000 രൂപ വരെ പിഴ ചുമത്താനുള്ള അധികാരം സ്‌ക്വാഡിനുണ്ട്. പരമാവധി പിഴതുകയായ 50000 രൂപ ചുമത്തിയത് ഈ മാസം 21നാണ്. ഫാക്ടറിയില്‍ നിന്നുള്ള മലിന ജലം ഒഴുക്കി വിട്ടതിന് വോര്‍ക്കാടിയിലെ സ്ഥാപനത്തിനാണ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 50,000 രൂപ പിഴ ചുമത്തിയത്.
അശാസ്ത്രീയമായ മാലിന്യ സംസ്‌കരണത്തിനെതിരെ നടപടികള്‍ കടുപ്പിക്കുമെന്നും പരിശോധനകള്‍ കാര്യക്ഷമമാക്കുമെന്നും ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ വി മുഹമ്മദ് മദനി ഉത്തരദേശം ഓണ്‍ലൈനിനോട് പറഞ്ഞു.