നിരവധി കേസുകളിലെ പ്രതി തോക്കും തിരകളുമായി അറസ്റ്റില്‍; ആയുധം നല്‍കിയ ഉത്തര്‍പ്രദേശ് സ്വദേശിയെ തിരയുന്നു

നയാബസാര്‍ ചെറുഗോളിലെ നൗമാനെയാണ് കുമ്പള എസ്.ഐ. ശ്രീജേഷും സംഘവും അറസ്റ്റ് ചെയ്തത്

കുമ്പള: വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയെ തോക്കും തിരകളുമായി കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. നയാബസാര്‍ ചെറുഗോളിലെ നൗമാനെ(28)യാണ് കുമ്പള എസ്.ഐ. ശ്രീജേഷും സംഘവും അറസ്റ്റ് ചെയ്തത്. നൗമാന് തോക്ക് നല്‍കിയ ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രതിയെ കണ്ടത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രി 9 മണിയോടെ കുമ്പള ടൗണില്‍ വെച്ച് രാത്രികാല പരിശോധനയുടെ ഭാഗമായി പൊലീസ് റോന്ത് ചുറ്റുമ്പോഴാണ് സംശയകരമായ സാഹചര്യത്തില്‍ നൗമാനെ കണ്ടത്. നൗമാന്‍ പതുങ്ങി കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് വിളിച്ച് ചോദ്യം ചെയ്യുന്നതിനിടെ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടി രക്ഷപ്പെട്ട നൗമാനെ സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

മാസങ്ങള്‍ക്ക് മുമ്പ് ഉപ്പളയില്‍ വെച്ച് ഒരാളെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ നൗമാനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്നു. ജയിലില്‍ വെച്ചാണ് ഉത്തര്‍പ്രദേശ് സ്വദേശി റിയാന്‍ എന്ന രക്ഷേഷ് റോക്കിയുമായി പരിചയപ്പെട്ടത്. റിമാണ്ട് കാലാവധി കഴിഞ്ഞ് രണ്ട് പേരും പുറത്തിറങ്ങിയതിന് ശേഷം റിയാന്‍ തോക്ക് നല്‍കിയെന്നാണ് നൗമാന്‍ പൊലീസിനോട് പറഞ്ഞത്.

തോക്ക് നല്‍കിയത് ഉത്തര്‍പ്രദേശ് സ്വദേശിയെന്ന് നൗമാന്‍ പറഞ്ഞെങ്കിലും ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ കിട്ടുന്നതിന് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പൊലീസ് പറഞ്ഞു. കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം അടക്കം നിരവധി കേസുകളില്‍ പ്രതി കൂടിയാണ് നൗമാനെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it