റെയില്‍പാളത്തില്‍ മരിച്ച നിലയില്‍ കണ്ടത് നാല് കൊലക്കേസുകളിലെ പ്രതിയെ; കൊലപാതക സാധ്യതയില്ലെന്ന് പൊലീസ്

തൊക്കോട്ട് ബജയിലെ നൗഫലിനെയാണ് ശനിയാഴ്ച രാവിലെ ഉപ്പള ഗേറ്റിന് സമീപത്ത് റെയില്‍വെ ട്രാക്കില്‍ മുറിവേറ്റ പാടുമായി മരിച്ചു കിടക്കുന്നത് കണ്ടത്

ഉപ്പള : ഉപ്പള ഗേറ്റിന് സമീപത്ത് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് നാല് കൊലക്കേസുകളിലെ പ്രതിയെ എന്ന് പൊലീസ്. പ്രതിയുടെ മരണം കൊലപാതകമാകാനുള്ള സാധ്യത ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. തൊക്കോട്ട് ബജയിലെ നൗഫലിനെ(45)യാണ് ശനിയാഴ്ച രാവിലെ ഉപ്പള ഗേറ്റിന് സമീപത്ത് റെയില്‍വെ ട്രാക്കില്‍ മുറിവേറ്റ പാടുമായി മരിച്ചു കിടക്കുന്നത് കണ്ടത്. മഞ്ചേശ്വരം പൊലീസ് നൗഫലിനെ കുറിച്ച് കൂടുതല്‍ അന്വേണം നടത്തിയപ്പോള്‍ ഗുണ്ടാ സംഘത്തലവനും ഒരു ഇരട്ട കൊലക്കേസുകളിലും മറ്റു രണ്ട് കൊലക്കേസുകളിലും പ്രതിയാണന്ന് തിരിച്ചറിഞ്ഞു.

ഇത് കൂടാതെ പല പൊലീസ് സ്റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്ത അക്രമക്കേസുകളിലെ പ്രതി കൂടിയാണ് നൗഫലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന്റെ പാന്റ്സിന്റെ കീശയില്‍ നിന്ന് എം.ഡി.എം.എ മയക്കുമരുന്നും സിറിഞ്ചും കിട്ടിയിട്ടുണ്ട്. നൗഫല്‍ വെള്ളിയാഴ്ച രാത്രി ഉപ്പള മണിമുണ്ടയില്‍ ഒരു സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തിന് എത്തിയതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.

വിവാഹത്തില്‍ പങ്കെടുത്തതിന് ശേഷം നൗഫലും കൂട്ടുകാരും അര്‍ദ്ധ രാത്രിയോടെ അവിടെ നിന്നിറങ്ങി മയക്കുമരുന്ന് ഉപയോഗിച്ചതിന് ശേഷം പിരിഞ്ഞുപോയി. ഇതിന് ശേഷം അബോധാവസ്ഥയിലായ നൗഫല്‍ വഴി തെറ്റി നടക്കുന്നതിനിടെ തീവണ്ടി തട്ടി മരിച്ചതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. നൗഫല്‍ മരിച്ചു കിടന്ന സ്ഥലത്ത് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയും ഫോറന്‍സിക് സര്‍ജനും പരിശോധന നടത്തി.



Related Articles
Next Story
Share it