ബേക്കല്‍ ബീച്ചില്‍ അപകട റേസിങ്: വാഹനം പിടിച്ചെടുത്തു
കെ എ 19 എം പി, 8894 നമ്പര്‍ ഥാര്‍ ജീപ്പാണ് ബേക്കല്‍ ഇന്‍സ്പെക്ടര്‍ എം വി ശ്രീദാസും സംഘവും പിടികൂടിയത്

ബേക്കല്‍: ബീച്ചില്‍ അപകടകരമായ രീതിയില്‍ റേസ് ചെയ്ത വാഹനം ബേക്കല്‍ പൊലീസ് പിടിച്ചെടുത്തു. കെ എ 19 എം പി, 8894 നമ്പര്‍ ഥാര്‍ ജീപ്പാണ് ബേക്കല്‍ ഇന്‍സ്പെക്ടര്‍ എം വി ശ്രീദാസും സംഘവും പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ ബീച്ചില്‍ എത്തിയായിരുന്നു റേസിങ്. വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്ന ബീച്ചില്‍ ഇത് ഭീതിയും അപകടവും സൃഷ്ടിക്കുമെന്നതിനാലാണ് പൊലീസ് നടപടി.
ഓണം ഉള്‍പ്പെടെയുള്ള ആഘോഷ ദിവസങ്ങള്‍ മുന്നില്‍ക്കണ്ട് ജില്ലാ പൊലീസ് മേധാവി ബി വി വിജയ ഭരത് റെഡ്ഡി ഐപിഎസ് ന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. വരും ദിവസങ്ങളിലും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത വാഹനം കോടതിയില്‍ ഹാജരാക്കും. വാഹന ഉടമയ്ക്ക് നോട്ടീസും നല്‍കും. സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ വിജിത്ത്, എം സുധീഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.