സ്‌കൂട്ടര്‍ റോഡിലെ കുഴിയില്‍ വീണുണ്ടായ അപകടം; യുവാവിന്റെ വലതു കൈ മുറിച്ചുമാറ്റി

കാസര്‍കോട്: റോഡിലെ കുഴിയില്‍ സ്‌കൂട്ടര്‍ വീണുണ്ടായ അപകടത്തെ തുടര്‍ന്ന് യുവാവിന്റെ കൈ മുറിച്ചുമാറ്റി. മേല്‍പ്പറമ്പ് സ്വദേശി പ്രകാശിനാണ് വലതു കൈ നഷ്ടമായത്.ഓഗസ്റ്റ് 30 ന് രാത്രി 8 മണിയോടെ ചെമ്മനാട് പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. കാസര്‍കോട് നിന്ന് മേല്‍പ്പറമ്പിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ പ്രകാശന്‍ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ റോഡിലെ കുഴിയില്‍ വീണു. വലതു കൈക്ക് ഗുരുതരമായി പരുക്കേറ്റ പ്രകാശനെ പൊലീസ് ആണ് ആദ്യം ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി. എംആര്‍ഐ സ്‌കാനും, സിടി സ്‌കാനും എടുക്കുകയും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിക്കുകയും ചെയ്തു. പിറ്റേദിവസം കയ്യില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെയാണ് അണുബാധ ഉണ്ടായതായി സ്ഥിരീകരിച്ചത്. തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.

നാല്‍പതുകാരനായ പ്രകാശന്റെ ഉപജീവനമാര്‍ഗ്ഗമായിരുന്നു ഡ്രൈവര്‍ ജോലി. വലതു കൈ നഷ്ടപ്പെട്ടതോടെ നിസ്സഹായാവസ്ഥയിലാണ് പ്രകാശനും കുടുംബവും.ആദ്യം ചികിത്സിച്ച ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചെന്നും കുടുംബം ആരോപിക്കുന്നുണ്ട്. പ്രകാശന് അപകടം സംഭവിക്കുന്നതിന് ഒരാഴ്ച മുന്‍പ് മറ്റൊരു യുവാവ് ഈ പ്രദേശത്ത് റോഡിലെ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ മരിച്ചിരുന്നു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it