ദേശീയപാത നിര്‍മ്മാണ പ്രവൃത്തിക്കിടെ അപകടം; മുന്നറിയിപ്പുമായി തൊഴിലാളി യൂണിയന്‍

തെരുവ്വിളക്ക് സ്ഥാപിക്കാത്ത മൊഗ്രാല്‍ പുത്തൂര്‍ ചൗക്കി ദേശീയപാത
കാസര്‍കോട്: ദേശീയപാത നിര്‍മ്മാണ പ്രവൃത്തി നടത്തുന്ന തൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന രീതിയില്‍ നിരന്തരം അപകടങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കേണ്ടതാണെന്ന് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍(എസ്.ടി.യു) ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.നിര്‍മ്മാണ കമ്പനികളുടെയും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെയും ഇക്കാര്യത്തിലുള്ള കെടുകാര്യസ്ഥത അന്വേഷണ വിധേയമാക്കണം. നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെടുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷ സൗകര്യങ്ങള്‍ ഒരുക്കാതെയാണ് കമ്പനികള്‍ തൊഴിലാളികളെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വിലപ്പെട്ട മൂന്ന് ജീവനുകളാണ് ഇത്തരത്തില്‍ പൊലിഞ്ഞു പോയത്. തീര്‍ത്തും ഒഴിവാക്കപ്പെടാമായിരുന്ന മനുഷ്യനിര്‍മ്മിത അപകടങ്ങളാണ് ഇവയെത്രയും. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ഇനിയും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്ത പക്ഷം നിര്‍മ്മാണ പ്രവൃത്തികള്‍ തടയുന്നത് അടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്ക് സംഘടന നേതൃത്വം വഹിക്കുമെന്ന് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജില്ലാ പ്രസിഡണ്ട് പി.ഐ.എ ലത്തീഫ്, ജന.സെക്രട്ടറി ഹനീഫ പാറ ചെങ്കള എന്നിവര്‍ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.