16 കാരനെ പീഡിപ്പിച്ച കേസില്‍ എ.ഇ.ഒ ഉള്‍പ്പെടെ 9 പ്രതികള്‍ റിമാണ്ടില്‍; വിദ്യാഭ്യാസ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു
കൂടുതല്‍ പേര്‍ പ്രതികളായേക്കുമെന്ന സൂചന നല്‍കി പൊലീസ്

കാഞ്ഞങ്ങാട്: പതിനാറുകാരനെ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് പീഡനത്തിനിരയാക്കിയ കേസില്‍ എ.ഇ.ഒ ഉള്‍പ്പെടെ ഒമ്പത് പ്രതികളെ കോടതി റിമാണ്ട് ചെയ്തു. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പടന്ന സ്വദേശി വി.കെ. സൈനുദ്ദീന്‍(52), പടന്നക്കാട്ടെ റംസാന്‍ (64), റെയില്‍വേ ക്ലറിക്കല്‍ ജീവനക്കാരന്‍ പിലിക്കോട് എരവിലെ ചിത്രരാജ് (48), വള്‍വക്കാട്ടെ കുഞ്ഞഹമ്മദ് (55), ചന്തേരയിലെ അഫ്‌സല്‍ (23), തൃക്കരിപ്പൂര്‍ പൂച്ചോലിലെ നാരായണന്‍ (60), തൃക്കരിപ്പൂര്‍ വടക്കേ കൊവ്വലിലെ റയീസ് (30), സുകേഷ് വെള്ളച്ചാല്‍(30), ചീമേനിയിലെ ഷിജിത്ത് (36) എന്നിവരെയാണ് ഹോസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്.
ചന്തേര, നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് പ്രതികളെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. കേസില്‍ പ്രതിയായ മുസ്ലിം ലീഗ് നേതാവ് അന്വേഷണസംഘത്തെ വെട്ടിച്ച് ഒളിവില്‍പോയി. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പതിനാറുകാരനെ ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടാണ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്.
കേസിലെ മറ്റൊരു പ്രതിയായ മുസ്ലിം ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂര്‍ വടക്കുമ്പാട് സ്വദേശി സിറാജുദീന്‍(46)ഒളിവിലാണ്. സിറാജുദീനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. എട്ടുമുതല്‍ പത്തുവരെ ക്ലാസില്‍ പഠിക്കുന്ന 2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ കുട്ടിയെ വീട്ടില്‍വെച്ചും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയും പ്രകൃതിവിരുദ്ധ പീഡനത്തിനിരിയാക്കിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ യുവാവ് വിദ്യാര്‍ഥിയുടെ മാതാവിനെ കണ്ട് ഇറങ്ങി ഓടിയതോടെയാണ് സംഭവം പുറത്തുവന്നത്. മാതാവ് ചന്തേര പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വിദ്യാര്‍ഥിയെ ചൈല്‍ഡ് ലൈനില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.
കേസന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി വിജയ് ഭരത് റെഡ്ഡിയുടെ മേല്‍നോട്ടത്തില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.കെ. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപവത്കരിച്ചു. ചന്തേര, ചീമേനി, നീലേശ്വരം, ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍മാരുള്‍പ്പെട്ടതാണ് സംഘം. ഒളിവില്‍പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. അതിനിടെ കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.
16കാരനെ പീഡിപ്പിച്ച കേസില്‍ ഉള്‍പ്പെട്ട ബേക്കല്‍ എ.ഇ.ഒ സസ്പെന്‍ഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി ഫെയ്സ്ബുക്കില്‍ അറിയിച്ചു