കഞ്ചാവും മയക്കുമരുന്നുമായി 7 പേര്‍ മണിപ്പാലില്‍ പിടിയില്‍; 3 പേര്‍ കാസര്‍കോട് സ്വദേശികള്‍
ഇവരില്‍ നിന്ന് 890 ഗ്രാം കഞ്ചാവും എല്‍.എസ്.ഡി മയക്കുമരുന്നും പിടികൂടി

ബേക്കല്‍: കര്‍ണ്ണാടകയിലെ മണിപ്പാലില്‍ വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും കഞ്ചാവും മയക്കുമരുന്നും വില്‍പ്പനക്കെത്തിച്ച പനയാല്‍ സ്വദേശിയുള്‍പ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പനയാലിലെ മനീഷ്(34), തിരുവനന്തപുരം വര്‍ക്കല സ്വദേശി അഫ്ഷിന്‍(26), ഉഡുപ്പി ശിവള്ളി സ്വദേശി ശിവനിധി(20) എന്നിവരാണ് ആദ്യം അറസ്റ്റിലായത്. ചോദ്യം ചെയ്തപ്പോള്‍ കഞ്ചാവ് വാങ്ങാനെത്തിയ മറ്റ് പ്രതികളെക്കുറിച്ച് കൂടി വിവരം ലഭിച്ചു.
തുടര്‍ന്ന് തൃശൂര്‍ സ്വദേശി ബിപിന്‍(24), പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി അഖില്‍(26), പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി അജീഷ്(28), കൊല്ലം സ്വദേശി വിപിന്‍(32) എന്നിവരെയും മണിപ്പാല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 890 ഗ്രാം കഞ്ചാവും എല്‍.എസ്.ഡി മയക്കുമരുന്നും പിടികൂടി.
ഉഡുപ്പി പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം മണിപ്പാല്‍ വിദ്യാരത്ന നഗര്‍, ഹെര്‍ഗ എന്നിവിടങ്ങളിലെ ഫ്ളാറ്റില്‍ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കാര്‍ പിടിയിലായത്. മനീഷിനും അഫ്ഷിനുമെതിരെ കഞ്ചാവ് വില്‍പ്പന നടത്തിയതിന് ബേക്കല്‍ പൊലീസ് സ്റ്റേഷനിലും കേസുണ്ട്.