വികസന സദസ്സിനൊരുങ്ങി ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങള്‍; ജോബ് ഫയറും കെ സ്മാര്‍ട്ട് സേവനങ്ങളും ലഭ്യമാകും

കാസര്‍കോട്: സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യാനും ഭാവി മുന്നില്‍ കണ്ടുള്ള ആശയങ്ങളും നിര്‍ദേശങ്ങളും അവതരിപ്പിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുന്ന വികസന സദസ്സിന് കാസര്‍കോട് ജില്ലയൊരുങ്ങുന്നു. ജില്ലയിലെ 41 തദ്ദേശ സ്ഥാപനങ്ങളില്‍ സദസ്സ് നടക്കും. സെപ്തംബര്‍ 30ന് ചെറുവത്തൂര്‍ പഞ്ചായത്തില്‍ ഇ.എം.എസ് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വികസന സദസ്സ് നടക്കും. പരിപാടികളില്‍ ജനപ്രതിനിധികളും സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള പൊതുജനം, വിഷയ വിദഗ്ധര്‍,സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിതകര്‍മസേന പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. തദ്ദേശസ്ഥാപനങ്ങളുടെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന എക്സിബിഷനും കെ-സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുന്ന ക്ലിനിക്കും വിജ്ഞാന കേരളം ജോബ് ഫെയറും സദസ്സിനോടനുബന്ധിച്ചു ഉണ്ടാകും. തദ്ദേശസ്വയംഭരണ വകുപ്പും വിവര പൊതുജനസമ്പര്‍ക്ക വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടി ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഒക്ടോബര്‍ 20 വരെ വിവിധ ദിവസങ്ങളില്‍ സംഘടിപ്പിക്കും.

വികസനപുരോഗതിയും തുടര്‍പ്രവര്‍ത്തനങ്ങളും പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ച് ചര്‍ച്ചയിലൂടെയാണ് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. പൊതുജനങ്ങള്‍ക്കൊപ്പം വിവിധ തലങ്ങളിലെ ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ വീഡിയോ പ്രദര്‍ശനം, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ വീഡിയോ സന്ദേശം, ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും വികസന നേട്ടങ്ങളുടെ അവതരണം, ഓപ്പണ്‍ ഫോറം എന്നിവയുണ്ടാകും. വികസന സദസ്സിലെ ചര്‍ച്ചകളുടെ വിശദാംശങ്ങളും അവതരിപ്പിക്കപ്പെടുന്ന പുതിയ ആശയങ്ങളും തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന സര്‍ക്കാരിന് സമര്‍പ്പിക്കും. അതിദാരിദ്ര്യ നിര്‍മാര്‍ജനം, ലൈഫ് മിഷന്‍ പദ്ധതികള്‍ക്കായി ഭൂമി വിട്ടുനല്‍കിയവര്‍, ഹരിതകര്‍മസേനാംഗങ്ങള്‍ തുടങ്ങി വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെ വികസന സദസ്സില്‍ ആദരിക്കും.

ജില്ലാ ആസൂത്രണ സമിതി അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ ചെയര്‍ പേഴ്‌സണും ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ കോ-ചെയര്‍മാനുമായുള്ള സംഘാടക സമിതിയാണ് ജില്ലയില്‍ വികസന സദസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it