നായാട്ടുസംഘത്തെ ഭീഷണിപ്പെടുത്തി തോക്കും സ്‌കൂട്ടറും തട്ടിയെടുത്ത കേസില്‍ കാപ്പ പ്രതിയടക്കം 4 പേര്‍ അറസ്റ്റില്‍
ഓടിരക്ഷപ്പെട്ട പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി

ഹൊസങ്കടി: നായാട്ടുസംഘത്തെ ഭീഷണിപ്പെടുത്തി തോക്കും സ്‌കൂട്ടറും മൊബൈല്‍ ഫേണും തട്ടിയെടുത്തുവെന്ന കേസില്‍ കാപ്പ കേസ് പ്രതിയടക്കം നാല് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു. സംഘത്തില്‍ നിന്നും നാടന്‍ തോക്കും അഞ്ച് തിരകളും പിടിച്ചെടുത്തു.
ഹൊസങ്കടി അംഗഡിപദവിലെ സൈഫുദ്ദീന്‍ എന്ന പൂച്ച സൈഫു(30), മുട്ടത്തൊടി ഹിദായത്ത് നഗറിലെ മൊയ്തീന്‍ എന്ന ചറുമുറു മൊയ്തു (29), ഉളിയത്തടുക്ക നാഷണല്‍ നഗറിലെ മുഹമ്മദ് സുഹൈല്‍ (27), ബിലാല്‍ നഗറിലെ അമീര്‍(28) എന്നിവരെയാണ് മഞ്ചേശ്വരം എസ്.ഐ. ഉമേശും സംഘവും അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം പുരുഷക്കോടിയിലെ റാഷിക്കാണ് ഓടി രക്ഷപ്പെട്ടത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്;
വെള്ളിയാഴ്ച രാത്രി 11.30ന് മൃഗങ്ങളെ വേട്ടയാടാന്‍ കുറ്റിക്കോലില്‍ നിന്ന് നിഥിന്‍രാജ്, രതീഷ്, പ്രവിത്ത് എന്നിവര്‍ സ്‌കൂട്ടറില്‍ വോര്‍ക്കാടി മജിര്‍പ്പള്ളയിലെത്തുകയും അതുവഴി വന്ന റാഷിക്ക് ഇവരെ കാണുകയും ചെയ്തു. നിങ്ങള്‍ എന്തിനാണ് ഇവിടെ വന്നതെന്ന് നായാട്ടുസംഘത്തോട് ചോദിച്ചപ്പോള്‍ മൃഗങ്ങളെ വേട്ടയാടാന്‍ വന്നതാണെന്ന് നിഥിന്‍ മറുപടി നല്‍കി. ഇതോടെ റാഷിക്ക് മറ്റു നാല് പ്രതികളെ വിളിച്ച് വരുത്തുകയും അഞ്ചുപേരും ചേര്‍ന്ന് നായാട്ടു സംഘത്തിന്റെ കൈ വശമുള്ള ബാഗ് തട്ടിപ്പറിച്ച് പരിശോധിക്കുകയും ചെയ്തു. ഇതോടെ സംഘത്തിന്റെ കൈവശമുണ്ടായിരുന്ന തോക്ക് കാണാനിടയായി.
തുടര്‍ന്ന് സൈഫുദ്ധീന്റെ നേതൃത്വത്തിലുള്ള സംഘം നിഥിന്‍ രാജിനെയും മറ്റു രണ്ട് പേരെയും കാറില്‍ കയറ്റി മജിര്‍പ്പള്ളത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് കൊണ്ടു പോയി നായാട്ടുസംഘത്തെ പൊലീസിലേല്‍പ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
പൊലീസിന് വിവരമറിയിക്കാതിരിക്കാന്‍ മൂന്ന് ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ടു. പണം തരാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ മൂന്ന് പേരെയും സംഘം ക്രൂരമായി ആക്രമിച്ചു. നായാട്ടു സംഘം നിലവിളിക്കുന്നത് പരിസരവാസികള്‍ ശ്രദ്ധിക്കുമെന്ന് ഭയന്ന് പ്രതികള്‍ അര്‍ദ്ധരാത്രിയായപ്പോള്‍ ഇവരെ കാറില്‍ കയറ്റി ഹൊസങ്കടിയിലെ ഒരു ഗ്രൗണ്ടില്‍ കൊണ്ടുവന്ന് പണം ആശ്യപ്പെട്ട് വീണ്ടും ക്രൂരമായി മര്‍ദ്ദിച്ചു.
ശനിയാഴ്ച രാവിലെ 11 മണിയോടെ സംഭവം മണത്തറിഞ്ഞ പൊലീസ് പ്രതികളെ വളഞ്ഞു പിടികൂടുന്നതിനിടെ റാഷിഖ് ഓടി രക്ഷപ്പെടുകയായിരുന്നു. സൈഫുദ്ദീന്‍ കാപ്പ കേസ് അടക്കം നിരവധി കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. നായാട്ടു സംഘത്തില്‍ നിന്ന് തട്ടിയെടുത്ത സ്‌കൂട്ടറും മൊബൈല്‍ ഫോണും പ്രതികള്‍ സഞ്ചരിച്ച കാറും പൊലീസ് വിവിധ സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. റാഷിക്കിന് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.