മൊഗ്രാല്‍ സ്‌കൂളിലെ 33.5 ലക്ഷത്തിന്റെ ഫണ്ട് തിരിമറി; അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് അധ്യാപകന്‍ ഫണ്ട് തിരിമറി ചെയ്‌തെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. സ്‌കൂള്‍ പി.ടി.എ കുമ്പള പൊലീസിനും വിജിലന്‍സിനും ഡി.ഡി.ഇയ്ക്കും കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. സ്‌കൂളിന് അനുവദിച്ച 33.5 ലക്ഷം രൂപ കാണ്‍മാനില്ലെന്നാണ് പരാതി. നേരത്തെ സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ ചാര്‍ജ് വഹിച്ചിരുന്ന അധ്യാപകനെതിരെയാണ് ആരോപണം. സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിനായി അനുവദിച്ച 12 ലക്ഷം രൂപയും നൈപുണ്യ വികസന കോഴ്‌സിനായി അനുവദിച്ച 21.5 ലക്ഷം രൂപയും അധ്യാപകന്‍ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയെന്നും വ്യാജ ഒപ്പിട്ട് ഘട്ടം ഘട്ടമായി ബാങ്കില്‍ നിന്ന് പിന്‍വലിച്ച് കൈപ്പറ്റിയെന്നുമാണ് പി.ടി.എയുടെ പരാതി. രണ്ട് വര്‍ഷം മുമ്പാണ് ഇയാള്‍ സ്‌കൂളില്‍ അധ്യാപകനായി ചുമതലയേറ്റത്്. ഈ വര്‍ഷം ഇയാള്‍ മലപ്പുറത്തേക്ക് സ്ഥലം മാറിപ്പോയി. പിന്നീട് ചുമതലയേറ്റ അധ്യാപകനാണ് പണം തിരിമറി നടന്നതായി ശ്രദ്ധിച്ചത്. ഫണ്ട് നഷ്ടപ്പെട്ടതായി മനസിലായതിന് പിന്നാലെ ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സ്ഥലം മാറിപ്പോകുന്നതിന് മുമ്പും ഇയാള്‍ പലപ്പോഴും നീണ്ട അവധിയിലായിരുന്നുവെന്നും പരാതിക്കാര്‍ പറയുന്നു. വെള്ളിയാഴ്ച ചേര്‍ന്ന പി.ടി.എ യോഗത്തിലാണ് ഫണ്ട് നഷ്ടപ്പെട്ട വിവരം പുറത്തുവന്നത്.