എം.ഡി.എം.എയുമായി 3 കാസര്‍കോട് സ്വദേശികള്‍ കൊച്ചിയില്‍ പിടിയില്‍

കൊച്ചി നോര്‍ത്ത് ചിറ്റൂര്‍ റോഡ് അയപ്പന്‍കാവ് പരിസരത്തെ വാടകവീട്ടില്‍ സിറ്റി ഡാന്‍സാഫ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്

കാസര്‍കോട് : വില്‍പ്പനക്ക് കൊണ്ടുവന്ന എം.ഡി.എം.എയുമായി മൂന്ന് കാസര്‍കോട് സ്വദേശികള്‍ കൊച്ചിയില്‍ പിടിയിലായി. കലൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ഡിപ്ലോമ വിദ്യാര്‍ത്ഥിയായ കാസര്‍കോട് ചെങ്കളയിലെ മുഹമ്മദ് അനസ്(21), പൊയിനാച്ചി ചെറുകരയിലെ ഖലീല്‍ ബദറുദ്ദീന്‍(27), നുള്ളിപ്പാടിയിലെ എന്‍.എച്ച് റാബിയത്ത്(39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കൊച്ചി നോര്‍ത്ത് ചിറ്റൂര്‍ റോഡ് അയപ്പന്‍കാവ് പരിസരത്തെ വാടകവീട്ടില്‍ സിറ്റി ഡാന്‍സാഫ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പ്രതികളില്‍ നിന്ന് 15. 91 ഗ്രാം എം.ഡി.എം.എ പിടികൂടി. അനസിന്റെ സുഹൃത്തായ കാസര്‍കോട് സ്വദേശിയാണ് മയക്കുമരുന്ന് കൈമാറിയതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഖലീല്‍ ബദറുദ്ദീന്‍ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് മയക്കുമരുന്ന് ഏറ്റുവാങ്ങി കൊച്ചിയിലേക്ക് പോകുകയായിരുന്നു. എം.ഡി.എം.എ കൈമാറിയ ആളെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

Related Articles
Next Story
Share it