മയക്കുമരുന്ന് സംഘത്തിന്റെ താവളമായ കെട്ടിടത്തില്‍ 3 ദിവസം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി

45 വയസ് തോന്നിക്കുന്ന പുരുഷന്റെ മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടത്തിയത്‌

ബന്തിയോട്: മയക്കു മരുന്ന് സംഘത്തിന്റെ താവളമായ കെട്ടിടത്തിനകത്ത് മൂന്ന് ദിവസത്തോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. ദുരുഹത നീക്കാന്‍ കുമ്പള പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബന്തിയോട് ടൗണിന് സമീത്ത് പൊളിഞ്ഞു വീഴാറായ ഒരു കെട്ടിടത്തിനകത്താണ് 45 വയസ് തോന്നിക്കുന്ന പുരുഷന്റെ മൂന്ന് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടത്തിയത്.

ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ ആരോ കെട്ടിടത്തിനകത്ത് പോയി നോക്കിയപ്പോഴാണ് മൃതദേഹം കാണുന്നത്. ദേശീയപാത പ്രവര്‍ത്തിയുടെ ഭാഗമായി കെട്ടിടത്തിന്റെ പകുതി പൊളിച്ച് മാറ്റിയിരുന്നു. പിന്നീട് ഇതിന്റെ ഉടമ ഷട്ടറുകള്‍ അഴിച്ച് മാറ്റി. ഇതോടെ മദ്യപാനികളുടെയും മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരുടെയും കേന്ദ്രമായി കെട്ടിടം മാറിയെന്ന് നാട്ടുകാര്‍ പറയുന്നു.

പൊലീസിന്റെയും എക്സൈസിന്റെയും കണ്ണില്‍ പെടാതിരിക്കാന്‍ വേണ്ടി പലരും ഇതേ കെട്ടിടത്തിലാണ് മയക്കുമരുന്ന് ഉപയോഗിക്കാനെത്തുന്നത്. മൃതദേഹത്തിന് രാത്രി പൊലീസ് കാവലേര്‍പ്പെടുത്തി. പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആസ്പത്രിയിലേക്ക് മാറ്റും. പോസ്റ്റുമോര്‍ട്ടത്തിലൂടെ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it