ദേശീയപാത നിര്‍മ്മാണസ്ഥലത്ത് ഇറക്കിവെച്ച ഇരുമ്പുസാമഗ്രികള്‍ കവര്‍ന്ന കേസില്‍ 3 പേര്‍ അറസ്റ്റില്‍

ഞായറാഴ്ച രാത്രി 10.30 മണിയോടെയാണ് മയിലാട്ടിയില്‍ നിന്ന് സാമഗ്രികള്‍ കടത്തിക്കൊണ്ടുപോയത്

പൊയിനാച്ചി: ദേശീയപാത നിര്‍മ്മാണസ്ഥലത്ത് ഇറക്കിവെച്ച 4.74 ലക്ഷം രൂപയുടെ ഇരുമ്പ് സാമഗ്രികള്‍ കവര്‍ച്ച ചെയ്ത കേസില്‍ മൂന്നുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിയ ചെക്കിപ്പള്ളത്തെ എം മന്‍സൂര്‍(31), കുണിയ പാറ ഹൗസിലെ മുഹമ്മദ് റിസാദ്(26), കുണിയ കുണ്ടൂര്‍ ഹൗസിലെ കെ.എച്ച് അലി അസ്‌കര്‍(26) എന്നിവരെയാണ് മേല്‍പ്പറമ്പ് എസ്.ഐ സുരേഷ് കുമാര്‍ അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 10.30 മണിയോടെയാണ് മയിലാട്ടിയില്‍ നിന്ന് സാമഗ്രികള്‍ കടത്തിക്കൊണ്ടുപോയത്. ദേശീയ പാത സര്‍വ്വീസ് റോഡിനോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന നടപ്പാതയുടെ താഴ്ചയുള്ള പാര്‍ശ്വഭാഗങ്ങളില്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷക്കായി കൈവരി സ്ഥാപിക്കുന്നതിന് ഇറക്കിവെച്ച പെഡസ്റ്റള്‍ ഗാര്‍ഡുകളാണ് മോഷണം പോയത്. ദേശീയപാത നിര്‍മ്മാണ കരാറുകാരായ മേഘ കമ്പനിയുടെ മയിലാട്ടി ചൗക്കിയിലെ യാര്‍ഡിലാണ് ഇവ നിര്‍മ്മിക്കുന്നത്.

ആഗസ്ത് 14നാണ് 154 ഇരുമ്പ് കൈവരികള്‍ ദേശീയപാത പ്രവൃത്തി നടത്തുന്ന സ്ഥലത്തെത്തിച്ചത്. ഞായറാഴ്ച രാത്രി സംശയ സാഹചര്യത്തില്‍ മൂന്നുപേര്‍ ചേര്‍ന്ന് ഇരുമ്പ് സാമഗ്രികള്‍ ഒരു വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നത് സമീപത്തെ കടയിലുണ്ടായിരുന്നവര്‍ കണ്ടിരുന്നു. ഇവര്‍ വിവരം മേഘയുടെ സുരക്ഷാജീവനക്കാരെ അറിയിച്ചു. സ്ഥലത്തെത്തുമ്പോഴേക്കും സംഘം രക്ഷപ്പെട്ടിരുന്നു. ദേശീയപാതയുടെ രണ്ടാം റീച്ചായ ചെങ്കള-നീലേശ്വരം മേഖലയില്‍ പൊയിനാച്ചി സൗത്തിലെ കള്ളുഷാപ്പ് മുതല്‍ മയിലാട്ടി സബ് സ്റ്റേഷന്‍ വരെ നടപ്പാത നിര്‍മ്മിക്കാന്‍ എത്തിച്ച ഇരുമ്പുകൈവരികളില്‍ 46 എണ്ണമാണ് കടത്തിയത്.

പ്രവൃത്തിയുടെ ഉപകരാറെടുത്ത കൊളത്തൂരിലെ നഞ്ചില്‍ എഞ്ചിനീയറിംഗ് വര്‍ക്ക്സ് സ്ഥാപന മാനേജര്‍ മുന്നാട് കമ്മാളംകയയിലെ കെ.കെ അനിലന്റെ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുകയായിരുന്നു. രണ്ടുമീറ്റര്‍ നീളവും ഒന്നരമീറ്റര്‍ ഉയരവുമുള്ള ഒരു ഇരുമ്പ് കൈവരിക്ക് 10,320 രൂപ വിലയുണ്ട്. മൊത്തം 4,74,720 രൂപയുടെ സാമഗ്രികള്‍ നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു.

പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ പൊയിനാച്ചി പെട്രോള്‍ പമ്പിന് സമീപത്തെ സര്‍വീസ് റോഡരികില്‍ നിന്ന് അഞ്ച് ഇരുമ്പ് കൈവരികള്‍ മോഷ്ടിക്കാനെത്തിയ മൂന്നംഗസംഘത്തെ സൈറ്റ് സൂപ്പര്‍ വൈസര്‍ രാജപ്പന്‍പിള്ള നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞുവെച്ച് മേല്‍പ്പറമ്പ് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ മയിലാട്ടിയില്‍ നിന്ന് നിര്‍മ്മാണ സാമഗ്രികള്‍ പിക്കപ്പ് വാനില്‍ കടത്തിയത് തങ്ങളാണെന്ന് സമ്മതിച്ചു. തുടര്‍ന്ന് പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Related Articles
Next Story
Share it