ജില്ലയില്‍ ദേശീയപാതയില്‍ ഈ വര്‍ഷം പൊലിഞ്ഞത് 25 ജീവനുകള്‍; കരുതണം ശ്രദ്ധ

2025 ജനുവരി മുതല്‍ 119 അപകടങ്ങളാണ് ജില്ലയിലെ ദേശീയ പാതയില്‍ വിവിധ ഇടങ്ങളിലായി നടന്നത്.

കാസര്‍കോട് : ദേശീയ പാത 66ല്‍ ജില്ലയില്‍ ഈ വര്‍ഷം മാത്രം വിവിധ അപകടങ്ങളില്‍ നഷ്ടപ്പെട്ടത് 25 ജീവനുകള്‍. 2025 ജനുവരി മുതല്‍ 119 അപകടങ്ങളാണ് ജില്ലയിലെ ദേശീയ പാതയില്‍ വിവിധ ഇടങ്ങളിലായി നടന്നത്. ഇതില്‍ 61 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. 93 പേര്‍ക്ക് നിസ്സാര പരിക്കും. കഴിഞ്ഞ നാലാഴ്ചക്കിടെ തലപ്പാടി മുതല്‍ കാലിക്കടവ് വരെയുള്ള ദേശീയപാതയില്‍ മരിച്ചവരുടെ എണ്ണം എട്ടാണ്.

ദേശീയ പാതയില്‍ ചെങ്കള മുതല്‍ തലപ്പാടി വരെയുള്ള മേഖലയിലാണ്് അപകടം തുടര്‍ക്കഥയാവുന്നത്. ജില്ലയില്‍ നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായ റീച്ചായതുകൊണ്ടുതന്നെ വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധയും ആണ് മിക്കപ്പോഴും അപകടത്തിന് വഴിവെക്കുന്നത്.

ദേശീയപാതയില്‍ ആദ്യ റീച്ചില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും സൂചനാ ബോര്‍ഡുകളുമുണ്ടെങ്കിലും ഇതൊന്നും പാലിക്കാത്തതാണ് പലപ്പോഴും അപകടത്തിലേക്ക് നയിക്കുന്നത്. സര്‍വീസ് റോഡില്‍ നിന്ന് ദേശീയ പാതയിലേക്ക് കയറുന്ന എന്‍ട്രി പോയിന്റും ദേശീയ പാതയില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കടക്കേണ്ട എക്സിറ്റ് പോയിന്റും പലപ്പോഴും മിക്ക വാഹനങ്ങളും കൃത്യമായി പാലിക്കാത്തതും അപകടമുണ്ടാക്കുന്നു.

ദേശീയ പാത മുറിച്ചുകടക്കുന്നതിനിടെ തിങ്കളാഴ്ചയാണ് അടുക്കത്ത്ബയല്‍ സ്വദേശിനി നസിയ കാറിടിച്ച് മരിച്ചത്. അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗത്തില്‍ വന്ന കാര്‍ നസിയയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ദേശീയ പാത ആദ്യ റീച്ചില്‍ പതിനൊന്നോളം ചെറുതും വലുതുമായ അടിപ്പാതകളാണുള്ളത്. ഇവയ്ക്കിടയില്‍ വലിയ ദൂരമുള്ളതിനാല്‍ പലരും ദേശീയ പാത മുറിച്ചുകടക്കുകയാണ്. ദേശീയ പാതയ്ക്ക് കുറുകെ നടപ്പാത വേണമെന്ന് നിരന്തരം ആവശ്യമുയര്‍ന്നിട്ടും ദേശീയപാത അതോറിറ്റിയും നിര്‍മാണ കമ്പനിയും ഇത് കണ്ടില്ലെന്ന മട്ടാണ്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it