ആദ്യഘട്ടത്തില്‍ പിടികൂടിയത് 23 തെരുവുനായകളെ; സജീവമായി മുളിയാര്‍ എ.ബി.സി കേന്ദ്രം

കാസര്‍കോട്: ജില്ലയിലെ തെരുവുനായ നിയന്ത്രണത്തിനായി മുളിയാറില്‍ തുടങ്ങിയ എബിസി കേന്ദ്രത്തില്‍ തെരുവുനായകളുടെ വന്ധ്യംകരണ ശസ്ത്രക്രിയക്ക് ഞായറാഴ്ച്ച തുടക്കമായി. ആദ്യഘട്ടത്തില്‍ പെരിയ പഞ്ചായത്ത് പരിസരങ്ങളില്‍ നിന്നും കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും പിടികൂടിയ 23 തെരുവുനായകളെയാണ് കേന്ദ്രത്തില്‍ എത്തിച്ചത്. രണ്ട് ദിവസങ്ങളിലായി ഇവയുടെ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തും. തെരുവുനായകളെ ഇന്നും പിടികൂടും. ആദ്യഘട്ടത്തില്‍ മുളിയാര്‍, പുല്ലൂര്‍ പെരിയ, മധൂര്‍, മടിക്കൈ എന്നീ പഞ്ചായത്തുകളിലാണ് ഹോട്ട്‌സ്‌പോട്ടുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എ,ബി.സി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇനി മുടക്കമില്ലാതെ തുടരുമെന്നും എല്ലാ ദിവസവും തെരുവുനായകളെ പിടികൂടി എ.ബി.സി കേന്ദ്രത്തിലെത്തിച്ച് ശസ്ത്രക്രിയ്ക്ക് വിധേയരാക്കുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പി.കെ മനോജ് കുമാര്‍ പറഞ്ഞു.
ജില്ലയില്‍ തെരുവുനായ ആക്രമണവും പ്രജനനവും വര്‍ധിക്കുമ്പോഴും എ.ബി.സി കേന്ദ്രങ്ങള്‍ക്ക് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതിനാല്‍ അധികൃതര്‍ക്ക് നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കാസര്‍കോട്, തൃക്കരിപ്പൂര്‍ എ.ബി.സി കേന്ദ്രങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ 2023ല്‍ അടച്ചുപൂട്ടിയതോടെയാണ് മുളിയാറില്‍ പുതിയ എ.ബി.സി കേന്ദ്രം പണികഴിപ്പിക്കാന്‍ തീരുമാനമെടുത്തത്. കഴിഞ്ഞ മെയ് 19ന് മന്ത്രി ചിഞ്ചുറാണി കേന്ദ്രം ഉദ്ഘാടനം ചെയ്‌തെങ്കിലും മൃഗക്ഷേമ ബോര്‍ഡിന്റെ അനുമതി ലഭിക്കാത്തതിനാല്‍ മൂന്ന് മാസമായി അടഞ്ഞുകിടക്കുകയായിരുന്നു. ഓഗസ്റ്റ് 18നാണ് കേന്ദ്രസംഘം എത്തി പരിശോധന നടത്തി പിന്നാലെ അനുമതി നല്‍കിയത്. തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകള്‍ തിരഞ്ഞെടുക്കുകയും പഞ്ചായത്ത്, മൃഗാശുപത്രി അധികൃതര്‍ എന്നിവരുടെ നേതൃത്വത്തില്‍് തെരുവുനായ വാക്‌സിനേഷന്‍ പരിപാടിയുടെ നിരീക്ഷണ സമിതി ഉണ്ടാക്കി. തുടര്‍ന്ന് നിരീക്ഷണ സമിതി ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തി. ജനറല്‍ അനസ്‌തേഷ്യ പ്രോട്ടോകോള്‍ ഉപയോഗിച്ചുകൊണ്ടാണ് വന്ധ്യംകരണ ശസ്ത്രക്രിയകള്‍ നടത്തുന്നത്. പെണ്‍പട്ടികളെ അഞ്ചുദിവസവും ആണ്‍ പട്ടികളെ നാല് ദിവസവും ആന്റി ബയോട്ടിക്കുകള്‍ നല്‍കി നിരീക്ഷണത്തില്‍ വച്ചതിന് ശേഷം തിരികെ വിടും.