ഓട്ടോ റിക്ഷയില്‍ കടത്തിയ 28.32 ഗ്രാം എം.ഡി.എം.എയുമായി 2 പേര്‍ അറസ്റ്റില്‍

മുളിയാര്‍ മാസ്തിക്കുണ്ടിലെ ഉസ്മാന്‍ എന്ന ചാര്‍ലി ഉസ്മാന്‍, മധൂര്‍ ഷിറി ബാഗിലു ബദര്‍ ജുമാ മസ്ജിദിന് സമീപത്തെ എം അബ്ദുള്‍ റഹ് മാന്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്

കാസര്‍കോട്: ഓട്ടോ റിക്ഷയില്‍ കടത്തിയ 28.32 ഗ്രാം എം.ഡി.എം.എയുമായി 2 പേരെ പൊലീസ് അറസ്റ്റുചെയ്തു. മുളിയാര്‍ മാസ്തിക്കുണ്ടിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കെ ഉസ്മാന്‍ എന്ന ചാര്‍ലി ഉസ്മാന്‍(43), മധൂര്‍ ഷിറി ബാഗിലു ബദര്‍ ജുമാ മസ്ജിദിന് സമീപത്തെ എം അബ്ദുള്‍ റഹ് മാന്‍(55) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ എസ്.ഐ കെ രാജീവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.

ബുധനാഴ്ച വൈകിട്ട് 5.30 മണിയോടെ ഷിറി ബാഗിലുവില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് പെരിയടുക്ക ഭാഗത്തുനിന്നും വരികയായിരുന്ന ഓട്ടോ റിക്ഷയ്ക്ക് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയി. പൊലീസ് പിന്തുടര്‍ന്ന് ഓട്ടോയ്ക്ക് കുറുകെ വാഹനം വച്ച് തടഞ്ഞപ്പോള്‍ പ്രതികള്‍ ഓട്ടോയില്‍ നിന്നും ഇറങ്ങി ഓടാന്‍ ശ്രമിച്ചു. ഇരുവരേയും പൊലീസ് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു.

ഓട്ടോയുടെ ഡ്രൈവര്‍ സീറ്റിന്റെ അടിയില്‍ പരിശോധന നടത്തിയതോടെയാണ് എം.ഡി.എം.എ കണ്ടെത്തിയത്. എം.ഡി.എം.എയും ഓട്ടോ റിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജൂനിയര്‍ എസ്.ഐ സി.ആര്‍ മൗഷമി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശ്യാം ചന്ദ്രന്‍, രമേശന്‍, ഡ്രൈവര്‍ ജിതേഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it