ലൈംഗിക പീഡനത്തിനിരയായ 17കാരി ആസ്പത്രിയില്‍ പ്രസവിച്ചു; മാതാവിന്റെ ബന്ധു അറസ്റ്റില്‍
നാരംപാടിയില്‍ താമസിക്കുന്ന ഭാര്യയും മൂന്നുമക്കളും ഉള്ള 39കാരനാണ് അറസ്റ്റിലായത്

ബദിയഡുക്ക: ലൈംഗിക പീഡനത്തിനിരയായ 17കാരി ആസ്പത്രിയില്‍ പ്രസവിച്ചു. സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം കേസെടുത്ത ബദിയഡുക്ക പൊലീസ് പെണ്‍കുട്ടിയുടെ മാതാവിന്റെ ബന്ധുവിനെ അറസ്റ്റുചെയ്തു. നാരംപാടിയില്‍ താമസിക്കുന്ന ഭാര്യയും മൂന്നുമക്കളും ഉള്ള 39കാരനെയാണ് ബദിയഡുക്ക പൊലീസ് അറസ്റ്റുചെയ്തത്.
പെണ്‍കുട്ടി പ്ലസ്ടു പഠനത്തിനുശേഷം വീട്ടില്‍ തന്നെയായിരുന്നു. ഈ അവസരം മുതലെടുത്ത് അയല്‍വാസി കൂടിയായ യുവാവ് സ്ഥിരമായി പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വരികയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചതോടെ ഇവിടെ നടത്തിയ പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് വ്യക്തമായി.
ഇതോടെ പെണ്‍കുട്ടിയും കുടുംബവും ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ നിന്നും താമസം മാറ്റുകയും ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസം ആരംഭിക്കുകയും ചെയ്തു. ഇതിനിടെ പെണ്‍കുട്ടിയെ പ്രസവത്തിനായി കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
വിവാഹിതയാണെന്നും 19 വയസാണെന്നുമാണ് പെണ്‍കുട്ടി ആസ്പത്രി അധികൃതരെ അറിയിച്ചത്. പിന്നീട് ഇതേ ആസ്പത്രിയില്‍ പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഈ കുഞ്ഞിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തലശ്ശേരിയിലെ ഓര്‍ഫനേജിന് കൈമാറാന്‍ കൊണ്ടുപോയി. ഓര്‍ഫനേജ് അധികൃതര്‍ ചൈല്‍ഡ് ലൈനിനെ വിവരമറിയിച്ചു. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയില്‍ തലശ്ശേരി പൊലീസ് കേസെടുത്തശേഷം ബദിയഡുക്ക പൊലീസിന് കൈമാറുകയാണുണ്ടായത്.
പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനുശേഷമാണ് ബദിയഡുക്ക പൊലീസ് മാതാവിന്റെ ബന്ധുവിനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തത്.