16കാരനെ പീഡിപ്പിച്ച കേസ്: എ.ഇ.ഒ ഉൾപ്പെടെ 8 പേർ അറസ്റ്റിൽ; അന്വേഷണത്തിന് പ്രത്യേക സംഘം

ചെറുവത്തൂർ: പതിനാറുകാരനെ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ ചന്തേര, നീലേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പോക്സോ നിയമപ്രകാരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ (എഇഒ) ഉൾപ്പെടെ എട്ടുപേരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ പ്രതിയായ മുസ്ലിം ലീഗ് നേതാവ് അന്വേഷണസംഘത്തെ വെട്ടിച്ച് ഒളിവിൽപോയി. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനാറുകാരനെ ഓൺലൈൻ ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടാണ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്.

ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പടന്ന സ്വദേശി വി.കെ. സൈനുദ്ദീൻ(52), പടന്നക്കാട്ടെ റംസാൻ (64), റെയിൽവേ ക്ലറിക്കൽ ജീവനക്കാരൻ പിലിക്കോട് എരവിലെ ചിത്രരാജ് (48), വൾവക്കാട്ടെ കുഞ്ഞഹമ്മദ് (55), ചന്തേരയിലെ അഫ്സൽ (23), തൃക്കരിപ്പൂർ പൂച്ചോലിലെ നാരായണൻ (60), തൃക്കരിപ്പൂർ വടക്കേ കൊവ്വലിലെ റയീസ് (30), സുകേഷ് വെള്ളച്ചാൽ(30), ചീമേനിയിലെ ഷിജിത്ത് (36) എന്നിവരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ഹൊസ്‌ദുർഗ്‌ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് തൃക്കരിപ്പൂർ വടക്കുമ്പാട് സ്വദേശി സിറാജുദീനാ (46)ണ് പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടത്.

എട്ടുമുതൽ പത്തുവരെ ക്ലാസിൽ പഠിക്കുന്ന 2023 മുതൽ 2025 വരെയുള്ള കാലയളവിൽ കുട്ടിയെ വീട്ടിൽവെച്ചും വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയും പ്രകൃതിവിരുദ്ധ പീഡനത്തിനിരിയാക്കിയെന്നാണ് പരാതി. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ യുവാവ് വിദ്യാർഥിയുടെ മാതാവിനെ കണ്ട് ഇറങ്ങി ഓടിയതോടെയാണ് സംഭവം പുറത്തുവന്നത്. മാതാവ് ചന്തേര പോലീസിൽ നൽകിയ പരാതിയെ തുടർന്ന് വിദ്യാർഥിയെ ചൈൽഡ്‌ലൈനിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.

കേസന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി വിജയ് ഭരത് റെഡ്ഡിയുടെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പ‌ി പി.കെ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപവത്കരിച്ചു. ചന്തേര, ചീമേനി, നീലേശ്വരം, ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർമാരുൾപ്പെട്ടതാണ് സംഘം. ഒളിവിൽപോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it