കളക്ടര്‍ പറയുന്നു; നിങ്ങള്‍ പുഞ്ചിരിക്കൂ.. 'ഓപ്പറേഷന്‍ സ്‌മൈലി'ല്‍ 154 പട്ടയങ്ങള്‍ വിതരണം ചെയ്തു

കാസര്‍കോട്: 'വര്‍ഷങ്ങളായി കൈവശമുള്ള ഭൂമി എന്നാല്‍ അത് തങ്ങളുടെ സ്വന്തമാണെന്ന് തെളിയിക്കാന്‍ ഒരു രേഖ പോലും ഇല്ലെന്നതായിരുന്നു കാസര്‍കോട് ജില്ലയിലെ ഗോത്ര വിഭാഗമായ കൊറഗ കുടുംബത്തിന്റെ ദീര്‍ഘനാളത്തെ ദു:ഖം. പട്ടയമില്ലെന്നതിന്റെ പേരില്‍ ഭവനപദ്ധതികളും മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട പ്രാക്തന ഗോത്ര വിഭാഗത്തിന് ഇനി ആശ്വാസത്തിന്റെ കാലം. വീടില്ല, കൃഷിക്ക് സ്ഥലമില്ല, ഉള്ളത് കൈവശമുണ്ടെങ്കിലും നിയമപരമായ രേഖകളില്ല . കാസര്‍കോട് ജില്ലയിലെ ഈ ഗോത്ര വിഭാഗം ഏറെ നാളായി നേരിട്ടു കൊണ്ടിരുന്ന ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു ഇത്. എന്നാല്‍, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ബദിയടുക്ക പെര്‍ഡാല ഉന്നതി സന്ദര്‍ശിച്ചതോടെയാണ് മാറ്റത്തിന് തുടക്കമാവുന്നത്.
അവരുടെ അവസ്ഥ നേരില്‍കണ്ട കളക്ടര്‍ റവന്യൂ വകുപ്പ്, പട്ടികവര്‍ഗ വികസന വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ 'ഓപ്പറേഷന്‍ സ്‌മൈല്‍' പദ്ധതി ആവിഷ്‌കരിക്കാനുള്ള നിര്‍ദേശം മുന്നോട്ടു വെച്ചു. അതിന്റെ അടിസ്ഥാനത്തില്‍, റവന്യൂ മന്ത്രി കെ. രാജന്‍ ഈ മഹത്തായ പദ്ധതിക്ക് തുടക്കം കുറിച്ചു. പട്ടികവര്‍ഗ്ഗ പട്ടികജാതി വികസന വകുപ്പ് മന്ത്രി ഒ ആര്‍.കേളു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
രണ്ട് താലൂക്കുകളിലായി 63 ഉന്നതികളിലായി വ്യാപിച്ചുകിടക്കുന്ന 478 ഏക്കര്‍ ഭൂമി അളന്ന് അതിര്‍ത്തി നിര്‍ണയിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. കാസര്‍കോട് , മഞ്ചേശ്വരം താലൂക്കുകളിലായി 539 കുടുംബങ്ങളിലായി 1,706 ഓളം കൊറഗ ഗോത്ര വിഭാഗക്കാര്‍ താമസിക്കുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പാകുമ്പോള്‍ ഭവനപദ്ധതികള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭ്യമാകുമെന്നതാണ് ''ഓപ്പറേഷന്‍ സ്മൈലിന്റെ നേട്ടം.
ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിന്റെ മേല്‍നോട്ടത്തില്‍ സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ കാസര്‍ കോഡ് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ , അസിസ്റ്റന്റ് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ എന്നിവരാണ് പദ്ധതി പ്രവര്‍ത്തനം നിര്‍വഹിക്കുന്നത്. ഗ്രാമപഞ്ചായത്തുകള്‍, താഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, ഊരുമൂപ്പന്മാര്‍, പ്രമോട്ടര്‍മാര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി മുന്നോട്ടുപോകുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈ ഗോത്രവിഭാഗം നാളുകളായി നേരിട്ടുകൊണ്ടിരിക്കുന്ന ഭൂമി പ്രതിസന്ധി അവസാനിക്കുകയും സാമൂഹികവും സാമ്പത്തികവുമായ സുസ്ഥിര വികസനം സാധ്യമാക്കുന്നതിനുള്ള സാധ്യതകളും സൃഷ്ടിക്കപ്പെടുകയും ചെയ്യും.
മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ തിങ്കളാഴ്ച നടന്ന പട്ടയമേളയില്‍ ഓപ്പറേഷന്‍ സ്മൈലിന്റെ ഭാഗമായി 154 പട്ടയങ്ങളാണ് വിതരണം ചെയ്തത്.