പൂച്ചക്കാട്ടെ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഷവര്‍മ്മ കഴിച്ച 15 കുട്ടികള്‍ ഭക്ഷ്യവിഷബാധയേറ്റ് ആസ്പത്രിയില്‍
ആളുകള്‍ ഹോട്ടലിലെത്തി ബഹളമുണ്ടാക്കിയതോടെ ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥയുണ്ടായി

ബേക്കല്‍ : പൂച്ചക്കാട്ടെ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഷവര്‍മ്മ കഴിച്ച 15 കുട്ടികളെ ഭക്ഷ്യവിഷബാധയേറ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പൂച്ചക്കാട് സ്വദേശിനികളായ റിഫാ ഫാത്തിമ(16), ഫാത്തിമത്ത് ഷാക്കിയ(13), നഫീസ മന്‍സ(13), നഫീസത്ത് സുല്‍ഫ(13) എന്നീ കുട്ടികള്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പത്രിയില്‍ ചികില്‍സയിലാണ്. മറ്റ് കുട്ടികളെ പ്രഥമശുശ്രൂഷക്ക് ശേഷം വീട്ടിലേക്ക് വിട്ടു.
കഴിഞ്ഞ ദിവസം രാത്രി പൂച്ചക്കാട്ടെ പള്ളിയില്‍ നടന്ന നബിദിനാഘോഷപരിപാടിക്കിടെ ഭക്ഷണം നല്‍കിയിരുന്നു. എന്നാല്‍ ഭക്ഷണം തികയാതെ വന്നതോടെ ബാക്കിയുള്ളവര്‍ക്ക് തൊട്ടടുത്തുള്ള ഹോട്ടലില്‍ നിന്ന് ഷവര്‍മ്മ വാങ്ങി നല്‍കി. ഷവര്‍മ്മ കഴിച്ചതോടെ പതിനഞ്ചോളം കുട്ടികള്‍ക്ക് ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. ഇതോടെ പഴകിയ ഷവര്‍മ്മയാണ് ഹോട്ടലില്‍ നിന്ന് നല്‍കിയതെന്ന പരാതി ഉയര്‍ന്നു. ആളുകള്‍ ഹോട്ടലിലെത്തി ബഹളമുണ്ടാക്കിയതോടെ ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസും സ്ഥലത്തെത്തി. സംഭവം സംബന്ധിച്ച് ആരോഗ്യവകുപ്പ് അന്വേഷണമാരംഭിച്ചു.