ബദിയടുക്ക സാമൂഹികാരോഗ്യകേന്ദ്രത്തില്‍ രോഗിയുടെ ബി.പി പരിശോധിക്കാന്‍ വിസമ്മതിച്ച ഡോക്ടര്‍ക്കെതിരെ നടപടിക്ക് ഉത്തരവ്

ഡോക്ടറുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന മനുഷ്യാവകാശ കമ്മീഷന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി

ബദിയടുക്ക: ബദിയടുക്ക സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികില്‍സക്കെത്തിയ രോഗിയുടെ ബ്ലഡ് പ്രഷര്‍ പരിശോധിക്കാന്‍ വിസമ്മതിച്ച വനിതാ ഡോക്ടര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. ഇതില്‍ സ്വീകരിച്ച നടപടികള്‍ രണ്ട് മാസത്തിനുള്ളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ രേഖാമൂലം അറിയിക്കണമെന്നും ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥിന്റെ ഉത്തരവില്‍ വ്യക്തമാക്കി. കെ.വി ജോണ്‍സണ്‍ എന്നയാള്‍ക്കാണ് ആസ്പത്രിയില്‍ നിന്ന് ദുരനുഭവം നേരിട്ടത്.

2021 സെപ്തംബര്‍ 29നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. രക്തസമ്മര്‍ദ്ദത്തിന് മരുന്ന് കഴിക്കുകയാണെന്ന് ഡോക്ടറെ ജോണ്‍സണ്‍ അറിയിച്ചപ്പോള്‍ വെള്ളിയാഴ്ച വരാനാണ് നിര്‍ദ്ദേശിച്ചത്. 2021 സെപ്തംബര്‍ ഒന്നിനാണ് ഡോക്ടര്‍ ബദിയടുക്ക സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ജോലിക്കെത്തിയത്. പരാതിക്കാരന്‍ ഒ.പിയിലെത്തുമ്പോള്‍ വലിയ തിരക്കുണ്ടായിരുന്നു, മാത്രമല്ല രക്തസമ്മര്‍ദം പരിശോധിക്കുന്ന ഉപകരണത്തിന് തകരാറും ഉണ്ടായിരുന്നു. തുടര്‍ന്ന് സ്റ്റാഫ് ഡ്യൂട്ടി മുറിയില്‍ ചെന്ന് രക്തസമ്മര്‍ദ്ദം പരിശോധിക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടിരുന്നു എന്നുമാണ് ഇതുസംബന്ധിച്ച് ഡി.എം.ഒ കമ്മീഷനെ അറിയിച്ചത്.

എന്നാല്‍ താന്‍ ചികില്‍സക്കെത്തിയപ്പോള്‍ ഒ.പിയില്‍ തിരക്കുണ്ടായിരുന്നില്ലെന്നും ബി.പി പരിശോധനാ ഉപകരണത്തിന് തകരാറുണ്ടായിരുന്നില്ലെന്നുമാണ് പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചത്. ആസ്പത്രിയിലെ തിരക്കും ഡോക്ടറുടെ പരിചയക്കുറവും രോഗികളോട് അനുകമ്പയോടെയും ആര്‍ദ്രതയോടെയും പെരുമാറാതിരിക്കാനുള്ള കാരണമായി കരുതാനാവില്ലെന്നും ഡോക്ടറുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നും കമ്മീഷന്‍ വിലയിരുത്തി.

Related Articles
Next Story
Share it