പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് യോഗത്തില്‍ 'കഞ്ചാവ് വിതരണം ചെയ്ത' യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

ജയിലിലായത് കാസര്‍കോട്, അമ്പലത്തറ, മേല്‍പ്പറമ്പ്, ബേക്കല്‍, ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ്

കാസര്‍കോട് : പത്താംക്ലാസ് വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് യോഗത്തില്‍ കഞ്ചാവ് വിതരണം ചെയ്‌തെന്ന കേസില്‍ അറസ്റ്റിലായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കളനാട് സ്വദേശി കെ.കെ സമീറിനെ(34)യാണ് കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് നടക്കുന്നതിനിടെ സമീര്‍ കഞ്ചാവുമായി എത്തുകയായിരുന്നു എന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.

രഹസ്യവിവരത്തെ തുടര്‍ന്ന് സ്‌കൂളിലെത്തിയ പൊലീസ് കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന ചില വിദ്യാര്‍ത്ഥികളെ കയ്യോടെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സമീറാണ് കഞ്ചാവ് വിതരണം ചെയ്തതെന്ന് വ്യക്തമായത്. തുടര്‍ന്ന് കേസെടുത്ത പൊലീസ് സമീറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മേല്‍പ്പറമ്പില്‍ വെച്ച് കസ്റ്റഡിയിലെടുക്കുന്നതിനിടെ സമീര്‍ പൊലീസിനെ അക്രമിച്ചിരുന്നു.

2022 മുതല്‍ മയക്കുമരുന്ന് ഇനത്തില്‍പെട്ട ഉല്‍പ്പന്നങ്ങള്‍ കൈവശം വെക്കല്‍, വില്‍പ്പന, ഉപയോഗം, കുട്ടികള്‍ക്കുള്ള കൈമാറ്റം, പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, അക്രമം തുടങ്ങിയ കേസുകളില്‍ സമീര്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കാസര്‍കോട്, അമ്പലത്തറ, മേല്‍പ്പറമ്പ്, ബേക്കല്‍, ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷനുകളിലാണ് സമീറിനെതിരെ കേസുകളുള്ളത്.

Related Articles
Next Story
Share it