കെ.എസ്.ടി.പി റോഡിലെ കുഴിയില്‍ ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു

ഗോളിയടുക്കയിലെ ടിപ്പു ഹസനാണ് പരിക്കേറ്റത്

കാസര്‍കോട്: കെ.എസ്.ടി.പി റോഡിലെ കുഴിയില്‍ ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. ബദിയടുക്ക ഗോളിയടുക്കയിലെ ടിപ്പു ഹസനാ(24)ണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 9.30 മണിയോടെ കാസര്‍കോട്- കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ ചളിയങ്കോട്ടാണ് അപകടമുണ്ടായത്.

ടിപ്പുഹസന്‍ മേല്‍പ്പറമ്പില്‍ നിന്ന് കാസര്‍കോട്ടേക്ക് ബൈക്കില്‍ വരികയായിരുന്നു. ചളിയങ്കോട് കയറ്റത്തിലെത്തിയപ്പോള്‍ റോഡിലെ കുഴിയിലേക്ക് ബൈക്ക് മറിയുകയായിരുന്നു. ടിപ്പുഹസന്റെ കൈക്കും കാലിനുമാണ് പരിക്കേറ്റത്. ബൈക്കിന് കേടുപാടുകള്‍ സംഭവിച്ചു. യുവാവ് ആസ്പത്രിയില്‍ ചികിത്സ തേടി.

സംസ്ഥാനപാതയിലെ കുഴികള്‍ കാരണം നാള്‍ക്കുനാള്‍ അപകടങ്ങള്‍ വര്‍ധിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് കുഴികളുടെ എണ്ണം കൂടിയിട്ടുണ്ട്. മഴ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ റോഡിലെ കുഴികള്‍ കാണാത്തതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. മഴയ്ക്ക് മുമ്പ് കുഴികള്‍ നികത്താന്‍ അധികൃതര്‍ നടപടി എടുക്കാത്തതില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

Related Articles
Next Story
Share it