കാഞ്ഞങ്ങാട്ട് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും യുവതിയും ഒരു വയസ്സുള്ള കുഞ്ഞും തെറിച്ചുവീണു
റോഡിലെ മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ കുഞ്ഞിനെ ഓടിയെത്തിയ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

കാഞ്ഞങ്ങാട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും യുവതിയും ഒരു വയസുള്ള കുഞ്ഞും തെറിച്ചു വീണു. റോഡിലെ മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ കുഞ്ഞിനെ ഓടിയെത്തിയ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ കാഞ്ഞങ്ങാടിനടുത്ത കൂളിയങ്കാലിലാണ് സംഭവം.
കാഞ്ഞങ്ങാട്ടെ ക്ഷേത്രത്തില്‍ പോകാന്‍ യുവതി കുഞ്ഞിനേയും കൂട്ടി മാവുങ്കാല്‍ ഭാഗത്തു നിന്ന് ഓട്ടോറിക്ഷയില്‍ വരികയായിരുന്നു. കൂളിയങ്കാലില്‍ എത്തിയതോടെ ദേശീയ പാതയിലെ മഴവെള്ളം നിറഞ്ഞ കുഴിയില്‍ വാഹനം വീണു. ഇതോടെ യുവതിയും കുഞ്ഞും ഓട്ടോറിക്ഷക്ക് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. കുഴിയിലെ വെള്ളത്തില്‍ വീണ കുട്ടിയെ കുറച്ചു നേരത്തേക്ക് കാണാതായി.
യുവതി നില വിളിച്ചതോടെ ഓടിയെത്തിയ നാട്ടുകാര്‍ കുഞ്ഞിനെ കുഴിയില്‍ കണ്ടെത്തുകയും പുറത്തെടുക്കുകയും ചെയ്തു. തലക്ക് പരിക്കേറ്റ യുവതിക്ക് കുറച്ചു നേരം എഴുന്നേല്‍ക്കാന്‍ പോലും കഴിഞ്ഞില്ല. കുട്ടിയെ അടുത്ത വീട്ടില്‍ കൊണ്ടുപോയി കുളിപ്പിക്കുകയും യുവതി വസ്ത്രത്തില്‍ പറ്റിപ്പിടിച്ച അഴുക്കുകള്‍ കഴുകി കളയുകയും ചെയ്ത ശേഷം ഓട്ടോറിക്ഷയില്‍ യാത്ര തുടര്‍ന്നു.
ബുധനാഴ്ച രാത്രി കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് വെള്ളം നിറഞ്ഞ് റോഡിലെ കുഴികള്‍ കാണാത്തതിനാലാണ് അപകടം സംഭവിച്ചത്. ഈ ഭാഗത്ത് നിരവധി ഇരുചക്ര വാഹനങ്ങളും അപകടത്തില്‍ പെട്ടതായി പ്രദേശവാസികള്‍ പറയുന്നു.