കാറില്‍ 10 കിലോ കഞ്ചാവ് കടത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്ക് രണ്ടുവര്‍ഷം കഠിനതടവും 20,000 രൂപ പിഴയും

പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം അധികതടവനുഭവിക്കാനും കോടതി ഉത്തരവിട്ടു.

കാസര്‍കോട്: കാറില്‍ 10 കിലോ കഞ്ചാവ് കടത്തിയ കേസിലെ രണ്ട് പ്രതികള്‍ക്ക് കോടതി രണ്ടുവര്‍ഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ചു. തളങ്കര ബാങ്കോട്ടെ ബി.എ ഷംസുദ്ദീന്‍(46), കാഞ്ഞങ്ങാട് സൗത്തിലെ കാരാട്ട് നൗഷാദ്(47) എന്നിവര്‍ക്കാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതി ജഡ്ജി കെ പ്രിയ ശിക്ഷ വിധിച്ചത്.

പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസം അധികതടവനുഭവിക്കാനും കോടതി ഉത്തരവിട്ടു. 2020 ഒക്ടോബര്‍ 12ന് നീലേശ്വരം പള്ളിക്കര റെയില്‍വെ ഗേറ്റിന് സമീപം ദേശീയപാതയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന അന്നത്തെ നീലേശ്വരം സി.ഐ കെ.വി മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഷംസുദ്ദീനും നൗഷാദും സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയും 10 കിലോ കഞ്ചാവ് കണ്ടെടുക്കുകയുമായിരുന്നു.

പിന്നീട് ചുമതലയേറ്റ നീലേശ്വരം ഇന്‍സ്പെക്ടര്‍ പി സുനില്‍ കുമാറാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ജി ചന്ദ്രമോഹന്‍, ചിത്രകല എന്നിവര്‍ ഹാജരായി.

Related Articles
Next Story
Share it