കരിന്തളം സഹകരണ ബാങ്കില്‍ വ്യാജസ്വര്‍ണ്ണം പണയം വെച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍
കേസില്‍ ഇനി ഒരു പ്രതി കൂടി അറസ്റ്റിലാകാനുണ്ട്.

കാഞ്ഞങ്ങാട്: കരിന്തളം സര്‍വീസ് സഹകണ ബാങ്കില്‍ വ്യാജസ്വര്‍ണ്ണം പണയം വെച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പാറവാളൂരിലെ പ്രസാദിന്റെ ഭാര്യ എ.വി രമ്യ, കണ്ണൂര്‍ സ്വദേശിയും നീലേശ്വരത്ത് താമസക്കാരനുമായ ഷിജിത്ത് എന്നിവരെയാണ് നീലേശ്വരം എസ്.ഐ കെ.വി രതീശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ ഇനി ഒരു പ്രതി കൂടി അറസ്റ്റിലാകാനുണ്ട്.
വ്യാഴാഴ്ചയാണ് കരിന്തളം ബാങ്കില്‍ 26.400 ഗ്രാം വ്യാജസ്വര്‍ണ്ണം പണയം വെക്കാന്‍ ശ്രമിച്ചത്. ആഭരണങ്ങള്‍ പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമാണെന്ന് വ്യക്തമായി. തുടര്‍ന്ന് ബാങ്ക് സെക്രട്ടറി വി മധുസൂദനന്‍ നല്‍കിയ പരാതിയിലാണ് മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
രമ്യ നീലേശ്വരത്തെ ഒരു കടയില്‍ ജീവനക്കാരിയായിരുന്നു. അവിടെ വെച്ചാണ് ഷിജിത്തിനെ പരിചയപ്പെട്ടത്. ഇതിനിടെ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായതോടെ രമ്യ ഷിജിത്തിനോട് പണം കടം ചോദിച്ചിരുന്നു. പണമില്ലെന്ന് പറഞ്ഞ ഷിജിത്ത് രമ്യക്ക് പണയം വെക്കാനായി ആഭരണം നല്‍കുകയാണുണ്ടായത്.
ഈ ആഭരണമാണ് ബാങ്കില്‍ പണയം വെക്കാന്‍ കൊണ്ടുപോയതും അവിടെ നടന്ന പരിശോധനയില്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതും. രമ്യയെയും ഷിജിത്തിനെയും കൂടാതെ രതികല എന്ന യുവതിയും കേസില്‍ പ്രതിയാണ്.