ട്രോളിംഗ് നിരോധനം തുടങ്ങി; ജില്ലയിലെ തീരദേശങ്ങളില്‍ ഇനി വറുതിയുടെ നാളുകള്‍
52 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന നിരോധനം മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കും

കാസര്‍കോട്: ട്രോളിംഗ് നിരോധാനം തുടങ്ങിയതോടെ ജില്ലയിലെ തീരദേശങ്ങള്‍ വറുതിയിലേക്ക്. ജൂലൈ 31 അര്‍ധരാത്രിവരെയാണ് ട്രോളിംഗ് നിരോധനം നിലനില്‍ക്കുക. 52 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന നിരോധനം മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പ്രതിസന്ധിയിലാക്കും. കഴിഞ്ഞദിവസം കടലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടുകളെല്ലാം ഉച്ചയോടെ തിരിച്ച് കരയിലെത്തി മത്സ്യവില്‍പ്പന നടത്തിയ ശേഷം വൃത്തിയാക്കി പുഴയില്‍ സുരക്ഷിതമായി കെട്ടിനിര്‍ത്തിയിരിക്കുകയാണ്.
കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരം, കസബ, മടക്കര എന്നീ മത്സ്യബന്ധന തുറമുഖങ്ങളും ഏതാനും മത്സ്യബന്ധനകേന്ദ്രങ്ങളും കേന്ദ്രീകരിച്ച് എണ്‍പതോളം ബോട്ടുകളില്‍ മത്സ്യബന്ധനം നടത്തിവരികയാണ്. പ്രദേശവാസികള്‍ മാത്രമല്ല അതിഥി തൊഴിലാളികളും മത്സ്യബന്ധനത്തിന് പോകാറുണ്ട്. ഇവരെല്ലാം നാട്ടിലേക്ക് തിരിച്ചുപോയിട്ടുണ്ട്.
അതേസമയം ജില്ലയിലെ തീരദേശവാസികളുടെ ജീവിത പ്രയാസങ്ങള്‍ ട്രോളിംഗ് നിരോധനകാലത്ത് വര്‍ധിക്കും. നിരോധന കാലത്ത് വള്ളങ്ങള്‍ക്ക് കടലില്‍ പോവുന്നതിന് വിലക്കില്ലെങ്കിലും കടലില്‍ മീന്‍ ലഭ്യത വളരെ കുറവായതിനാല്‍ വള്ളങ്ങള്‍ കടലിലിറക്കാന്‍ മടിക്കുന്നുണ്ട്. പരമ്പരാഗത വള്ളങ്ങളടക്കം രണ്ടായിരത്തിലധികം ചെറുതും വലുതുമായ വള്ളങ്ങളാണ് ജില്ലയിലുള്ളത്.
മഴ ശക്തമാകുമ്പോഴുണ്ടാകുന്ന മീന്‍ ചാകര മാത്രമാണ് ട്രോളിംഗ് നിരോധനം പിന്‍വലിക്കുന്നത് വരെ മത്സ്യ തൊഴിലാളികള്‍ക്കുള്ള പ്രതീക്ഷ. ശക്തമായ മഴ വന്ന് കടലിളകി അടിഭാഗത്തെ ചെളിമണ്ണ് ഉപരിതലത്തിലെത്തിയാല്‍ അയല, ചെമ്മീന്‍ തുടങ്ങിയ മത്സ്യങ്ങളും മറ്റു ചെറുമത്സ്യങ്ങളും കടലിന്റെ ഉപരിതലത്തിലെത്തും. ഈ ചാകരയിലാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്.