ഗതാഗതക്കുരുക്കില്‍ കാസര്‍കോട്; നട്ടംതിരിഞ്ഞ് പൊതുജനം

കാസര്‍കോട്: ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി കാസര്‍കോട് നഗരം. ദേശീയപാത ചെങ്കള-തലപ്പാടി റീച്ച് തുറന്നുകൊടുത്തിട്ടും നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാപമോക്ഷമില്ലാത്ത അവസ്ഥയാണ്. പുതിയ ബസ് സ്റ്റാന്‍ഡ് മുതലാണ് ഗതാഗതക്കുരുക്കിന് തുടക്കം. പുതിയ ബസ്് സ്റ്റാന്‍ഡില്‍ ദേശീയ പാത ഫ്‌ളൈ ഓവറിന് താഴെ പണി നടക്കുന്നതും പഴയ സര്‍ക്കിള്‍ പൊളിച്ച് വീതി കുറച്ചതുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്.

നഗരത്തില്‍ വാഹനങ്ങള്‍ മുന്നോട്ട് നീങ്ങാനാവാതെ തിരക്കിലമരുന്നത് ജനങ്ങള്‍ക്ക് ഉണ്ടാക്കുന്ന ദുരിതം ചെറുതല്ല. മുമ്പ് രാവിലെയും വൈകുന്നേരവുമായിരുന്നു ഇത്തരം കുരുക്കെങ്കില്‍ ഇപ്പോള്‍ എല്ലാ സമയത്തും വാഹനങ്ങള്‍ മുന്നോട്ട് പോവാന്‍ ഏറെ പ്രയാസപ്പെടുകയാണ്. കറന്തക്കാട് മുതല്‍ റെയില്‍വെ സ്റ്റേഷന്‍ വരെയുള്ള റോഡിന്റെ അറ്റകുറ്റ പണികള്‍ ആരംഭിച്ചതോടെ ഗതാഗതക്കുരുക്ക് പിന്നെയും മുറുകി. നുള്ളിപ്പാടിയില്‍ നിന്ന് ടൗണിലേക്കും തളങ്കരയില്‍ നിന്ന് ടൗണിലേക്കും എത്താന്‍ പാടുപെടുകയാണ്.

ഫ്ളൈ ഓവര്‍ യാഥാര്‍ത്ഥ്യമായാല്‍ നഗരത്തിലെ തിരക്ക് കുറയുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാല്‍ ഫ്ളൈ ഓവര്‍ തുറന്നതോടെയാണ് കുരുക്ക് അസഹനീയമായത്. വലിയ വാഹനങ്ങള്‍ ദേശീയപാതയിലൂടെ കടന്നുപോകുന്നതിന് പകരം നഗരത്തിലിറങ്ങി കെ.എസ്.ടി.പി റോഡ് വഴി പോവുന്നത് കുരുക്കിന് ഒരു പ്രധാന കാരണമാണ്. കൃത്യമായ ആസൂത്രണം ഇല്ലാതെ നഗരത്തിലെ റോഡ് പണി അങ്ങിങ്ങായി നടക്കുന്നതും മറ്റൊരു കാരണമാണ്. പകല്‍ സമയങ്ങളില്‍ നഗര റോഡുകളുടെ പ്രവൃത്തി ഒഴിവാക്കി രാത്രി കാലങ്ങളില്‍ നടത്തിയാല്‍ വലിയ കുരുക്ക് ഒഴിവാക്കാനാവും.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it