മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചെര്‍ക്കളക്കും ചട്ടഞ്ചാലിനുമിടയില്‍ ഗതാഗതം നിരോധിച്ചു; നൂറിലേറെ കുടുംബങ്ങള്‍ അപകട ഭീഷണിയില്‍

റോഡിന് മുകള്‍ഭാഗത്ത് താമസിക്കുന്നവരെ മറ്റിടങ്ങളിലേക്ക് മാറ്റി

കാസര്‍കോട്: ചെര്‍ക്കളക്കും ചട്ടഞ്ചാലിനുമിടയില്‍ ദേശീയപാതയോരത്ത് മണ്ണിടിച്ചില്‍ തുടരുന്നു. ന്യൂ ബേവിഞ്ചയില്‍ ദേശീയപാത സംരക്ഷണഭിത്തി തകര്‍ന്നുവീണതോടെ ചെര്‍ക്കള- ചട്ടഞ്ചാല്‍ റൂട്ടില്‍ ഗതാഗതം നിരോധിച്ചു. തിങ്കളാഴ്ച ഉച്ചയോടെ സ്ഥലത്തെ ബസ്റ്റോപ്പിന് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞുവീണത്. മിനിറ്റുകള്‍ക്ക് മുമ്പ് സ്ഥലത്തുണ്ടായിരുന്നവര്‍ ബസ് കയറിപ്പോയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.

റോഡിലുള്ള വാഹനങ്ങള്‍ മണ്ണിടിയുന്നത് കണ്ട് നിര്‍ത്തിയിരുന്നു. അപകടത്തിന് പിന്നാലെ ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായി വിലക്കി. റോഡിന് മുകള്‍ഭാഗത്ത് താമസിക്കുന്നവരെ മറ്റിടങ്ങളിലേക്ക് മാറ്റി. സോയില്‍ നെയിലിങ് ചെയ്ത ഭാഗത്താണ് മണ്ണിടിഞ്ഞത്. മേഖലയില്‍ കോണ്‍ക്രീറ്റ് ഭിത്തി വേണമെന്ന് നാട്ടുകാര്‍ നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നു.

കോണ്‍ക്രീറ്റ് ഭിത്തി പണിയാന്‍ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടുമെന്ന് കലക്ടര്‍ അറിയിച്ചു. ഈ പ്രദേശത്ത് ഏകദേശം നൂറിലധികം കുടുംബങ്ങളാണ് കുന്നിന്‍ മുകളിലും റോഡിന് താഴെ ഭാഗത്തുമായി താമസിക്കുന്നത്. മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനി അശാസ്ത്രീയമായാണ് പാത നിര്‍മിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

മഴക്കാലമായതോടെ ഈ പ്രദേശത്ത് മണ്ണെടുക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ജില്ലാ കലക്ടര്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെ കമ്പനി വീണ്ടും മണ്ണെടുക്കല്‍ പ്രവൃത്തി തുടരുകയായിരുന്നു. ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെയുള്ള പ്രദേശത്തുകൂടിയുള്ള വാഹനഗതാഗതം ഭീഷണിയിലാണ്.

പ്രദേശത്ത് മണ്ണെടുത്തത് കുത്തനെ ഉയരത്തിലാണ്. അതുകൊണ്ടുതന്നെ പ്രദേശത്തെ മുകളിലുള്ള വീടുകളെല്ലാം ഏത് നിമിഷം വേണമെങ്കിലും തകര്‍ന്നുവീഴാവുന്ന നിലയിലാണുള്ളത്. കമ്പനിയുടെ നിര്‍മാണം ഉത്തരേന്ത്യന്‍ രീതിയിലാണ് നടത്തിയിരിക്കുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയെ കുറിച്ച് വ്യക്തമായി പഠിക്കാതെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും സമീപവാസികള്‍ പറഞ്ഞു.

Related Articles
Next Story
Share it