നഗരത്തിലെ ട്രാഫിക് പരിഷ്‌കരിക്കാന്‍ നഗരസഭ; ചന്ദ്രഗിരി ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ പുത്തനാവും

കാസര്‍കോട്: ഗതാഗതക്കുരുക്കില്‍ വലയുന്ന കാസര്‍കോട് നഗരത്തില്‍ വാഹനത്തിരക്ക് നിയന്ത്രിക്കാന്‍ പരിഷ്‌കരണവുമായി കാസര്‍കോട് നഗരസഭ. ആദ്യഘട്ടത്തില്‍ ചന്ദ്രഗിരി ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ ആധുനികവല്‍ക്കരിക്കും. നൂതന സാങ്കേതിക വിദ്യ അധിഷ്ഠിതമായ ഓട്ടമാര്‌റിക് ട്രാഫിക് സിഗ്നല്‍ സംവിധാനമാണ് ഇവിടെ സ്ഥാപിക്കുക. ചന്ദ്രഗിരിപ്പാത, എം,ജി റോഡ് എന്നീ ഭാഗങ്ങളിലേക്കുള്ള സിഗ്നല്‍ ലൈറ്റുകളില്‍ ക്യാമറ സ്ഥാപിക്കും. കെല്‍ട്രോണിനാണ് ഇതിന് ചുമതല നല്‍കിയിരിക്കുന്നത്. പുതിയ ട്രാഫിക് സിഗ്നല്‍ വരുന്നതോടെ നിലവില്‍ റോഡിന് നടുവിലുള്ള സിഗ്നല്‍ തൂണുകള്‍ മാറ്റും. ഇതുവഴിയുള്ള ഗതാഗതം കൂടുതല്‍ സുഗമമാവും. നിലവില്‍ ഈ തൂണ്‍ ഉള്ളതിനാല്‍ ഇരുദിശയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് വളച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്. രാവിലെ എട്ട് മുതല്‍ വൈകീട്ട് എട്ട് വരെ പ്രവര്‍ത്തിക്കുന്ന നിലവിലെ സിഗ്നല്‍ പുത്തന്‍ ആവുന്നതോടെ സമയം മാറും.
യാത്രക്കാര്‍ക്ക് ഓണസമ്മാനമായിരിക്കും പുതിയ സിഗ്നല്‍ സംവിധാനമെന്ന് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗ്ം ഉത്തരദേശം ഓണ്‍ലൈനിനോട് പറഞ്ഞു. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കാന്‍ ട്രാഫിക് റെഗുലേറ്ററി കമ്മിററ്ി എടുത്ത തീരുമാനം നടപ്പാക്കി വരികയാണ്. ജനറല്‍ ആശുപത്രി മുതല്‍ പള്ളം ട്രാഫിക് ജംഗ്ഷന്‍ വരെ അനധികൃത പാര്‍ക്കിംഗ് നിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തെക്കില്‍ , ബേവിഞ്ച മേഖലകളില്‍ മണ്ണിടിച്ചിലുണ്ടാവുന്നതിനാല്‍ മിക്ക വാഹനങ്ങളും ചന്ദ്രഗിരി വഴി വന്ന് ദേശീയ പാത സര്‍വീസ് റോഡിലേക്ക് കയറുന്നതാണ് നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവാന്‍ കാരണമെന്നും ചെയര്‍മാന്‍ പറഞ്ഞു.